X

പുണ്യസ്ഥലങ്ങള്‍ ഡ്രോണുകളുടെ നിരീക്ഷണത്തില്‍

വിശുദ്ധ കര്‍മ്മത്തിനെത്തുന്ന തീര്‍ഥാടകരുടെ സഞ്ചാരവും യാത്രാ വഴികളും നിരീക്ഷിക്കാന്‍ ഇത്തവണ ഡ്രോണുകളും ഏര്‍പ്പെടുത്താന്‍ തീരുമാനം. പുണ്യഭൂമിയിലെ എല്ലാ പാതകളും സൂക്ഷ്മമായി പരിശോധിക്കുന്ന വിധത്തിലാണ് ഡ്രോണുകളുടെ ഉപയോഗം. സഞ്ചാര പാതകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും ഡ്രോണുകളുപയോഗപ്പെടുത്തുന്ന കാമ്പയിന് ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പു മന്ത്രി എന്‍ജിനീയര്‍ സാലിഹ് അല്‍ ജാസിര്‍ തുടക്കം കുറിച്ചു. തീര്‍ത്ഥാടകരുടെ യാത്ര പരമാവധി സുഖകരമാക്കുകയെന്നതാണ് കാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നിന്ന് മക്കയിലേക്കുള്ള റോഡുകളുടെ ഉപയോഗക്ഷമതയും നിലവാരവും റിപ്പയറിംഗുകളുമെല്ലാം പരിശോധിച്ച് ഉറപ്പു വരുത്തും. റോഡുകളുടെ ഉപയോഗ ക്ഷമതയും സുരക്ഷിതത്വവും വര്‍ധിപ്പിക്കുക, റോഡ് ശൃംഖയിലുടനീളം യാത്രക്കാര്‍ക്കാവശ്യമായ അടിസ്ഥാന സേവനങ്ങള്‍ നല്‍കുക എന്നിവ ഈ കാമ്പയിന്റെ ലക്ഷ്യമാണ്.
വിശുദ്ധ കര്‍മ്മത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ ഉപയോഗപ്പെടുത്തുന്ന റോഡ് ശൃംഖലയുടെ ദൈര്‍ഘ്യം 73,000 കിലോമീറ്ററും പാലങ്ങളുടെ എണ്ണം 3700 ആണ്. 550 വിദഗ്ധരുടെ സഹകരണത്തോടെ ആഴ്ചയില്‍ അഞ്ചു ദിവസവും 62 ഗ്രൂപ്പുകളായി തിരിച്ച് ഫീല്‍ഡ് പരിശോധന നടത്തിവരികയാണ് .

ഒരാഴ്ചയ്ക്കുള്ളില്‍ ഹാജിമാരുടെ സഞ്ചാര പാതകളെല്ലാം വിദഗ്ധ സംഘം പരിശോധിച്ച് ഉറപ്പു വരുത്തും. ഡ്രോണുകള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷത്തെ കാമ്പയിനില്‍ ഉപയോഗപ്പെടുത്തിയ ആധുനിക യന്ത്രസാമഗ്രികളുടെ സന്നാഹവും സംഘത്തോടൊപ്പമുണ്ടാകും. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് റോഡുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ ഉദ്ദേശിച്ച് സുരക്ഷിതവും മികച്ചതുമായ സഞ്ചാര പാതയെന്ന പേരില്‍ സഊദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പു കാമ്പയിന്‍ നടത്തുന്നത്.

 

webdesk11: