വിശുദ്ധ റമസാനിലെ ഇരുപത്തി ഏഴാം രാവില്‍ ലൈലത്തുര്‍ ഖദ്ര്‍ രാവിന്റെ പുണ്യം പ്രതീക്ഷിച്ച് വിശ്വാസി സമൂഹം മക്കയില്‍. പുണ്യങ്ങളുടെ പൂക്കാലമായ റമസാനിലെ അവസാന ദിനങ്ങളില്‍ ആരാധന കര്‍മ്മങ്ങളിലും ഈ റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയിലെ ജുമുഅയിലും പങ്കാളികളാകാനും ഉംറ നിര്‍വഹിക്കാനുമാണ് വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്കൊപ്പം ആഭ്യന്തര തീര്‍ത്ഥാടകരും ഹറമിലേക്ക് ഒഴുകിയെത്തുന്നത്.
കോവിഡ് പ്രതിസന്ധി മൂലമുണ്ടായ നിയന്ത്രണങ്ങള്‍ക്ക് അറുതിയായി രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മക്കയുടെ കവാടം വിശ്വാസി സമൂഹത്തിന് മുന്നില്‍ പൂര്‍ണ്ണമായും തുറന്നത്. ഉംറക്കും ത്വവാഫിനും പ്രവാചക നഗരിയിലെ റൗള സന്ദര്‍ശനത്തിനും തവക്കല്‍ന, ഇഅത്തിമര്‍ന ആപ്പുകള്‍ വഴി മുന്‍കൂര്‍ അനുമതി നേടിയവര്‍ക്കാണ് പുണ്യ നഗരങ്ങളിലേക്കുള്ള പ്രവേശനം. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന റമസാനിലെ അവസാന പത്തിലെ ഒറ്റപ്പെട്ട രാവുകളില്‍ പ്രധാനപ്പെട്ട ഇരുപത്തി ഏഴാം രാവില്‍ ഇരു ഹറമുകളിലും നടക്കുന്ന പ്രാര്‍ത്ഥനകളിലും രാത്രി നിസ്‌കാരങ്ങളിലും പങ്കെടുത്ത് വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം ഊഷ്മളമാക്കുകയാണ് വിശ്വാസികള്‍. ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ രാവില്‍ ആരാധനകളുടെ നിറവില്‍ പുണ്യഗേഹങ്ങളില്‍ കര്‍മ്മങ്ങളിലും ഇഅതികാഫിലും കഴിയുകയാണ് ലക്ഷ്യം. വിശുദ്ധ ഹറമുകളില്‍ നടക്കുന്ന ഖത്തമുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനയിലും ഇവര്‍ പങ്കെടുക്കും. ഇത്തവണ ഖിയാമുല്‍ ലൈല്‍ നിസ്‌കാരത്തിന് ശേഷമാണു ഖതമുല്‍ ഖുര്‍ആന്‍.
ഇടവേളക്ക് ശേഷം പുണ്യ ഭൂമിയിലെത്താന്‍ ഭാഗ്യം തുണച്ചവര്‍ മുസ്ലിംലോകത്തിന്റെ പ്രതിനിധികളായി മാറി സര്‍വശക്തനായ അല്ലാഹുവിന്റെ മുന്നില്‍ മനമുരുകി തേടുന്ന കാഴ്ച്ചയാണ് ഇരുഹറമുകളിലും . മഹാമാരിയിലകപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തോളം പുണ്യഭൂമിയിലേക്ക് എത്തിച്ചേരാന്‍ സാധിക്കാതെ പോയ ദശലക്ഷങ്ങളുടെ ആത്മാവിലെ നൊമ്പരങ്ങള്‍ സൃഷ്ടാവിന് മുമ്പില്‍ സമര്‍പ്പിക്കുകയാണ് ഇക്കൊല്ലം പുണ്യഭൂമിയിലെത്താന്‍ ഭാഗ്യം തുണച്ചവര്‍ . മനുഷ്യന്‍ പൂര്‍ണ്ണമായും നിസ്സഹായനായി മാറിയ കടുത്ത പരീക്ഷണങ്ങളില്‍ നിന്ന് മോചനം നല്‍കിയ രക്ഷിതാവിന് നന്ദിയോതുന്നതോടൊപ്പം കോവിഡ് മൂലവും മറ്റും മരിച്ചവരുടെ പരലോക മോക്ഷത്തിന് വേണ്ടി കരളുരുകി പ്രാര്‍ത്ഥിക്കുകയുമാണ് ഇരു ഹറമുകളിലെത്തുന്നവര്‍.
പുണ്യ മാസം സമാഗതമാകുന്നതിന് മുമ്പേ തന്നെ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി സഊദി വിശ്വാസി സമൂഹത്തിന് വിശുദ്ധ നഗരങ്ങളിലേക്ക് എത്താനുള്ള അവസരമൊരുക്കുകയായിരുന്നു. എങ്കിലും ഇരു ഹറമുകളിലും എത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. വിദേശത്തു നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് ശവ്വാല്‍ 15 വരെയാണ് അനുമതി. സഊദിയില്‍ പെരുന്നാള്‍ അവധി ആരംഭിച്ചതോടെ കുടുംബങ്ങളടക്കം സ്വദേശികളും വിദേശികളും അനുമതി കരസ്ഥമാക്കി പുണ്യ നഗരങ്ങളിലേക്കുള്ള യാത്രയിലാണ്. ആരാധക ലക്ഷങ്ങള്‍ നഗരങ്ങളിലേക്ക് ഒഴുകിയതോടെ മക്കയിലും മദീനയിലും നിര്‍ജീവമായിരുന്ന കച്ചവട കേന്ദ്രങ്ങളും ഹോട്ടലുകളും സജീവമാണ്.