വിശുദ്ധ മാസത്തിന് വിടയോതുന്ന അവസാന ദിനങ്ങളില്‍ വിശ്വാസികളെ സ്വീകരിക്കാന്‍ ഇരു ഹറമുകളിലും വന്‍ ഒരുക്കം. ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന പ്രധാന രാവായ ഇരുപത്തിയേഴാം രാവിലെ നിസ്‌കാരങ്ങളിലും പ്രാര്‍ത്ഥനകളിലും അണിചേരാന്‍ പുണ്യ നഗരങ്ങളിലേക്ക് ഇന്നലെ രാവിലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനപ്രവാഹമായിരുന്നു. തറാവീഹ് നിസ്‌കാരത്തിനും ഖിയാമുല്‍ ലൈല്‍ നിസ്‌കാരത്തിനുമായി ജനലക്ഷങ്ങള്‍ ഒഴുകിയെത്തി. ഖത്മുല്‍ ഖുര്‍ആന്‍ നടക്കുന്ന ഇരുപത്തി ഒമ്പതാം രാവിലും ഇരു ഹറമുകളും ജനസാഗരമാകും. ഇടവേളക്ക് ശേഷം വിശുദ്ധ ഹറമുകളും വിശ്വാസികളുടെ മനസും നിറയുന്ന മനോഹരമായ കാഴ്ച്ചയാണ് ഇവിടെയുള്ളത്.
വിശ്വാസികളെ സ്വീകരിക്കാന്‍ ഹറം കാര്യാലയത്തിന്റെ മേല്‍നോട്ടത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. മസ്ജിദുല്‍ ഹറമില്‍ 11 റോബോട്ടുകളാണ് അണുനശീകരണ പ്രക്രിയക്ക് നേതൃത്വം നല്‍കുന്നത്. 700 ലധികം തൊഴിലാളികളുമുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കാന്‍ ഉംറക്കും ത്വവാഫിനും എത്തുന്നവര്‍ക്ക് സമയക്രമീകരണം നിശ്ചയിച്ചു. ഇഫ്താറിനെതുന്നവര്‍ക്കും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
റമസാനില്‍ ഒരു തവണയെങ്കിലും ഉംറ നിര്‍വഹിക്കാത്തവര്‍ക്ക് അവസാന പത്തില്‍ മുന്‍ഗണന നല്‍കി കൊണ്ടുള്ള സംവിധാനമാണ് ഒരുക്കിയത്. ഹറമില്‍ ഇഅതികാഫിനെത്തുന്ന വിശ്വാസികള്‍ക്ക് വിശുദ്ധ ഖുര്‍ആനും നിസ്‌കരിക്കാനുള്ള മുസല്ലയും ഹറം കാര്യാലയം നല്‍കിവരുന്നുണ്ട്. ഇതിനിടെ തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ട പത്ത് ഉംറ കമ്പനികള്‍ക്ക് അമ്പതിനായിരം റിയാല്‍ വെച്ച് പിഴ ചുമത്തിയതായും മന്ത്രാലയം വെളിപ്പെടുത്തി.
മസ്ജിദുന്നബവിയിലെ വിശുദ്ധ റൗളാ ശരീഫ് സന്ദര്‍ശനം താല്‍കാലികമായി നിര്‍ത്തിവെച്ചതായി മദീനയിലെ മസ്ജിദുന്നബവി കാര്യ വകുപ്പ് അറിയിച്ചു. റമസാന്‍ 27 മുതല്‍ ശവ്വാല്‍ രണ്ടു വരെയുള്ള ദിവസങ്ങളിലാണ് റൗള ശരീഫ് സിയാറത്ത് നിര്‍ത്തിവെച്ചത്. വിശ്വാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപെടിയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഈദ് ദിനങ്ങളിലായിരുന്നു റൗളാ സന്ദര്‍ശനം വിലക്കിയിരുന്നത്. ഇത്തവണ ജനലക്ഷങ്ങളാണ് പ്രവാചക നഗരിയിലേക്ക് എത്തിയത്. ആരാധന കര്‍മങ്ങള്‍ക്ക് കുളിര്‍മ നല്‍കി മദീനയിലെങ്ങും ഇന്നലെ മഴയും പെയ്തു.