ക്ലാസ് കഴിഞ്ഞ ശേഷം പുത്തനത്താണി സി.പി.എ കോളജിലെ വിദ്യാര്‍ഥികള്‍ ക്യാമ്പസിനു പുറത്ത് ഹോളി ആഘോഷിക്കുന്നു. പിള്ളേര്‍ ആകെ നിറങ്ങളില്‍ കുളിച്ചിരിക്കുകയാണ്. അതു വഴി പോവുന്ന ആരുടെയും വസ്ത്രങ്ങളില്‍ പടര്‍ത്താന്‍ വേണ്ടത്ര നിറങ്ങള്‍ കൈയില്‍ തയ്യാറാക്കി നില്‍പുണ്ട് കൗമാരക്കൂട്ടം. ആഘോഷം തുടങ്ങിയതില്‍ പിന്നെ ആര്‍ക്കും രക്ഷ കിട്ടാത്ത അവര്‍ക്കിടയിലൂടെ, അവരുടെ തന്നെ കരുതലില്‍ ദേഹത്ത് കളറൊന്നും പുരളാതെ ഒരു വിദ്യാര്‍ഥി മാത്രം നടന്നു നീങ്ങുന്നു.വെളുത്ത ജുബ്ബയും വെള്ളത്തലപ്പാവും ഒക്കെ ധരിച്ച വിദ്യാര്‍ഥി. ക്ലാസ് കഴിഞ്ഞു അതു വഴി വന്ന അവന്‍ പറഞ്ഞത് ‘പ്ലീസ് ദേഹത്താക്കരുത്, ദര്‍സിലേക്ക് പോവാനുള്ളതാണ്’ എന്നായിരുന്നു. പിന്നെ അവരാകെയും അവനു സംരക്ഷണമേകി.
നിറങ്ങളുടെ നടുവിലൂടെ നിറം പറ്റാതെ നടക്കുന്ന ആ ഫോട്ടോ ആയിരുന്നു ഇന്നത്തെ സോഷ്യല്‍ മീഡിയാ ട്രെന്റ്. ത്രസിക്കുന്ന ആ ക്യാമ്പസ് മുറ്റം പിന്നിട്ട് നിറം പുരളാതെ തന്റെ മസ്ജിദിലെത്താന്‍ അവനെ സഹായിച്ച ഈ മതേതര കാഴ്ചവട്ടം ഒരുങ്ങിയത് പുത്തനത്താണി സി.പി.എ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി കൂട്ടായ്മ നടത്തിയ ഹോളി ആഘോഷത്തില്‍ നിന്നാണ്. വൈറലായ സര്‍ഫ് എക്‌സല്‍ പരസ്യത്തിന്റെ ദൃശ്യാനുഭവത്തോട് ഏതാണ്ട് സാമ്യമുള്ള ഈ ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.