പാലക്കാട്: ജില്ലയില്‍ ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ മദ്‌റസകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മെയ് 2 വരെ അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു. ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 2 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.
തൃശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. പ്രത്യേകിച്ച് 11 മണി മുതല്‍ മൂന്നു മണി വരെയുള്ള ജോലികള്‍ക്കാണ് നിയന്ത്രണം. 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്നുണ്ട്.
ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഇന്നലെ പാലക്കാടും കണ്ണൂരും രണ്ട് പേര്‍ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നു.