കോഴിക്കോട്: വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മനിര്‍വൃതിയുടെ ആഘോഷമാണ് പെരുന്നാളെന്നും സ്രഷ്ടാവില്‍ സര്‍വ്വവും സമര്‍പ്പിച്ച് കളങ്ക രഹിത സമൂഹത്തിനും ലോക സമാധാനത്തിനും പ്രതിജ്ഞ പുതുക്കുന്ന ദിനമാണിതെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പരീക്ഷണങ്ങളെ അതിജീവിച്ച് സജീവമായ റമസാന്‍ കാലത്തിന്റെ ധന്യത ആഹ്ലാദകരമാണ്. പ്രയാസം അനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കാനും കണ്ണീരൊപ്പാനും മുന്നോട്ടു വന്നാണ് സ്രഷ്ടാവിനോട് നന്ദി കാണിക്കേണ്ടത്. മതത്തിനും ജാതിക്കും നിറത്തിനും അപ്പുറം എല്ലാവരെയും മനുഷ്യരായി കാണാനും മാറോട് ചേര്‍ക്കാനും കഴിയണമെന്നും തങ്ങള്‍ പറഞ്ഞു.
ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെ സന്തോഷ പ്രഖ്യാപനമാണ് ഈദുല്‍ ഫിത്വര്‍. കെട്ടുകാഴ്ചകള്‍ക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്ന് നോക്കാനുള്ള അവസരം.ഫലസ്തീനിലും യുക്രെയ്‌നിലുമുള്‍പ്പെടെ മനുഷ്യാവകാശം നിഷേധിക്കപ്പെട്ട ജനകോടികളുടെ തേങ്ങലുകള്‍, പള്ളികള്‍ക്കും പാര്‍പ്പിടങ്ങള്‍ക്കും മേല്‍ ഇരച്ചുകയറുന്ന രാഷ്ട്രീയ ഹുങ്കിന്റെ ബുള്‍ഡോസറുകള്‍, അവിടെ നിസ്സഹായരായിപ്പോകുന്ന ജനങ്ങള്‍, ഇത്തരം അനീതികള്‍ക്കെതിരെ സന്ധിയില്ലാതെ നിലകൊള്ളാനുള്ള ഉള്‍ക്കരുത്താണ് ആവശ്യം. പതര്‍ച്ചയില്ലാത്ത സ്ഫുടം ചെയ്യപ്പെട്ട ഈമാനാണ് ഇതിന് കൈമുതലാകേണ്ടത്.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അതിര്‍വരമ്പിനെ വിശപ്പിനെയും ദാഹത്തെയും സമീകരിച്ചും സകാത്ത്, ദാനധര്‍മ്മങ്ങളിലൂടെ ലഘൂകരിച്ചും നടത്തുന്ന സാമൂഹിക വിപ്ലവമാണ് റമസാനിന്റെയും ഈദിന്റെയും അകംപൊരുള്‍. പെരുന്നാള്‍ ആഘോഷിക്കുന്ന ഒരാളും വിശന്നിരിക്കരുതെന്നും എത്ര ഉള്ളവനായാലും ഇല്ലാത്തവനായാലും ഇന്ന് വ്രതം അനുവദനീയമല്ലെന്നും തീര്‍ച്ചപ്പെടുത്തുന്നു.
ദൈവത്തിന്റെ കാരുണ്യവും മാപ്പാക്കലും അതിലൂടെ സ്വര്‍ഗീയ ആനന്ദത്തിലേക്ക് ഉയര്‍ത്തപ്പെടലും കാംക്ഷിച്ച്, പ്രാര്‍ത്ഥിച്ച് ഒരു മാസം കാത്തിരുന്ന് വന്നെത്തിയ സുദിനമാണിത്; വ്രത സമാപ്തിയുടെ വിജയാഘോഷം. വിദ്വേഷ രഹിതവും സഹവര്‍തിത്വ സമഭാവനയും മാനവ രാശിയുടെ സമത്വവും ഉദ്‌ഘോഷിക്കുന്നതാണ് പെരുന്നാള്‍. കേവലം ആചാരത്തിനപ്പുറമുള്ള പ്രാര്‍ത്ഥനാ നിര്‍ഭരമായ പ്രതിജ്ഞ പുതുക്കല്‍. എല്ലാവര്‍ക്കും ഹൃദ്യമായ ഈദുല്‍ഫിത്വര്‍ ആശംസകള്‍; അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്…