X

ചേര്‍ത്തുപിടിച്ച് കണ്ണിയാവുക

മുഹമ്മദ് കക്കാട്

സ്‌നേഹവും സംരക്ഷണവും പരിഗണനയും ലഭിക്കാത്ത ജീവിതത്തിനു എന്തര്‍ഥം? രോഗാവസ്ഥയിലായാലും ഇതിനു മാറ്റമില്ല. രോഗ പീഢകള്‍ക്കൊപ്പം ഒറ്റപ്പെട്ടും നിരാലംബരായും അവഗണിക്കപ്പെട്ടും കഴിയുന്ന ഏതൊരാളും ജീവിതത്തേക്കാള്‍ മരണമാകും കൊതിക്കുന്നത്. ഇവിടെയാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. പാലിയേറ്റീവ് കെയര്‍ അഥവാ സാന്ത്വന പരിചരണം ഇന്നൊരു ഗൃഹ കേന്ദ്രീകൃത രോഗീ പരിചരണം മാത്രമല്ല, സംസ്‌കാരവും കൂടിയായി അതു വളര്‍ന്നുകഴിഞ്ഞു. പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് മരണാസന്ന അര്‍ബുദ രോഗികള്‍ക്കു സാന്ത്വന സ്പര്‍ശമായി കടന്നുവന്ന്, രോഗ പീഢകള്‍ക്കും ഒറ്റപ്പെടലുകള്‍ക്കുമെല്ലാം ആശ്വാസമേകിക്കൊണ്ടുവളര്‍ന്ന്, സന്നദ്ധ സംഘടനകളില്‍നിന്നു മുഖ്യധാരയിലേക്കു പടര്‍ന്ന ഒരു സംസ്‌കാരം. കിടപ്പിലാകുന്നതിന്റെ മുമ്പുള്ള അന്തസും അഭിമാനവും പരിഗണനയും രോഗാവസ്ഥയിലും മരണത്തിലും ഏതൊരാള്‍ക്കും ലഭ്യമാക്കല്‍ പാലിയേറ്റീവ് കൂട്ടായ്മകള്‍ ഉത്തരവാദിത്വമായി കാണുന്നു. അതുകൊണ്ടുതന്നെ അന്തസോടെ ജീവിച്ചു മരിക്കാനുള്ള സംവിധാനങ്ങളെല്ലാം ലഭ്യമാക്കാനാണ് ശ്രമം.

ജീവിതത്തിനു ഭീഷണിയാകുംവിധം മാരകമായ രോഗ പീഡകള്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ വ്യക്തിക്കും കുടുംബത്തിനും ബാധിച്ചതോ വരാന്‍ സാധ്യതയുള്ളതോ ആയ ശാരീരിക, മാനസിക, സാമൂഹിക, വൈകാരിക, ആത്മീയ പ്രശ്‌നങ്ങള്‍ക്കു ഉചിതമായ ചികിത്സയും പരിചരണവും നല്‍കുന്ന സംവിധാനമെന്ന് പാലിയേറ്റീവ് കെയര്‍ നിര്‍വചിക്കപ്പെടുന്നത്. ഇതൊന്നുംതന്നെ തങ്ങളുടെ ഔദാര്യമോ കരുണയോ ആര്‍ദ്രതയോ ആയി പാലിയേറ്റീവ് വളണ്ടിയര്‍ കാണുന്നില്ല. പാവങ്ങള്‍ക്കു മാത്രമായുള്ള സംവിധാനവുമല്ല, ഏതു നിമിഷവും ആര്‍ക്കും വേണ്ടിവന്നേക്കാം. ആരായാലും കിടപ്പിലായ അവസ്ഥയിലും മാനം കെടാതെ അവധിയെത്തും വരെ ജീവിച്ചു മരിക്കാനാകണം. അവര്‍ കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും സമാധാനവും സ്വസ്ഥതയും സന്തോഷവുമായിരിക്കണം. ചേറുമ്പോള്‍ തെറിക്കുന്ന അരിമണികള്‍ക്കു വേണ്ടി കാത്തിരിക്കുന്നവരായി കാണേണ്ടവരല്ല കിടപ്പു രോഗികള്‍. അതിനാല്‍ ക്വാളിറ്റി ഓഫ് ലൈഫ്, പാലിയേറ്റീവ് പ്രവര്‍ത്തനത്തിന്റെ മുഖ്യഘടകമാണ്.

അതേ സമയം, കുടുംബവും അയല്‍വാസികളും സമൂഹവും ചേര്‍ന്നുനില്‍ക്കുമ്പോഴേ ഈ ലക്ഷ്യം പൂര്‍ത്തിയാകൂ. ഒരു വീട്ടില്‍ ഒരു വളണ്ടിയര്‍, അയല്‍പക്ക കേന്ദ്രീകൃത പാലിയേറ്റീവ് (എന്‍.എന്‍.പി.സി) എന്നീ മുദ്രാവാക്യങ്ങള്‍ ശക്തിപ്പെടുത്തല്‍ അനിവാര്യമാണ്. കോവിഡ് വ്യാപനം ഭയന്ന് ഒരാളും പുറത്തിറങ്ങാതിരിക്കുമ്പോഴും പതിവിലേറെ ഓടിക്കൊണ്ടിരുന്നവരാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍. ലോക്ഡൗണിലും അടയാത്ത വാതിലുകള്‍. ഭാരിച്ച സാമ്പത്തിക ചെലവുണ്ട് പാലിയേറ്റീവ് കെയറുകള്‍ക്ക്. സാമൂഹിക പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന പാലിയേറ്റീവ് യൂണിറ്റുകള്‍ക്കാകട്ടെ സര്‍ക്കാറില്‍നിന്ന് യാതൊരു സാമ്പത്തിക സഹായവും ലഭ്യമാകുന്നുമില്ല. സ്‌കൂള്‍ കുട്ടികളുടെ നാണയത്തുട്ടുകള്‍ക്കടക്കം കൈ നീട്ടിയും വീടുകളിലും കടകളിലും കയറിയിറങ്ങിയും ബസ്സ്റ്റാന്റിലും അങ്ങാടികളിലും പാട്ടപ്പിരിവു നടത്തിയുമാണ് അതിജീവനം സാധ്യമാകുന്നത്. പാലിയേറ്റീവ് കെയര്‍ നിലച്ചുപോകരുതെന്ന സമൂഹത്തിന്റെ മനസ്സും ഉദാരമതികളുടെ കൈയ്യഴഞ്ഞ സഹായവും പിന്‍ബലമേകുന്നു. ഐ കെയര്‍ ബികോസ് ഐ മാറ്റര്‍ എന്നതായിരുന്നു ലോക പാലിയേറ്റീവ് ദിന സന്ദേശം. ഓരോരുത്തരും അവനവനെപ്പറ്റി ചിന്തിക്കാനുള്ള ഉണര്‍ത്തല്‍. താനാര്? ഏതു നിമിഷവും തന്റെ സ്ഥിതി മാറാം. അതിനാല്‍ പരിചരണം മറ്റാര്‍ക്കുമല്ല, തനിക്കുവേണ്ടി തന്നെയാണെന്ന് ബോധ്യപ്പെടുത്തുന്നു. പിന്നെ, തിരിഞ്ഞുനോക്കുമ്പോള്‍ തന്റെ ജീവിത മുദ്രയായി എന്തുണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്കുള്ള ആലോചനയ്ക്കും സന്ദേശം പ്രചോദനമാകുന്നു. പാലിയേറ്റീവ് കെയറിനെ ചേര്‍ത്തു പിടിച്ച് കണ്ണികളാവുക നാം.

Test User: