X

ഹോക്കി ലോകകപ്പിന് ഇന്നു തുടക്കം; ഇന്ത്യയുടെ ആദ്യ അങ്കം സ്പെയിനെതിരേ

കട്ടക്ക്:ലോക ഹോക്കി കാഴ്ച്ചകള്‍ ഇന്ന് മുതല്‍ ഒഡീഷയിലേക്ക്… ലോകകപ്പ് ഹോക്കിക്ക് ഇന്ന് ഒഡീഷയില്‍ തുടക്കമാവുമ്പോള്‍ ഇന്ത്യ തന്നെ നോട്ടപ്പുള്ളികള്‍. കിരീട സാധ്യതയുള്ള ഓസ്‌ട്രേലിയ, ബെല്‍ജിയം എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയും. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം സ്വന്തമാക്കി കരുത്ത് തെളിയിച്ച ടീമിന് ലോകകപ്പ് എന്നും അകലുന്ന സ്വപ്‌നമായിരുന്നു. പക്ഷേ ഇത്തവണ നവീന്‍ പട്‌നായികിന്റെ മണ്ണിലാണ് ലോകകപ്പ്.

കപ്പടിച്ചാല്‍ ടീമിലെ ഓരോ അംഗത്തിനും ഒരു കോടിയാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇന്ത്യന്‍ ഹോക്കിയുടെ ആസ്ഥാനമായി മാറിയിരിക്കുന്ന ഒഡീഷയില്‍ നിന്നും ജനുവരി 29 ന് ശുഭ വാര്‍ത്തയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അന്നാണ് ലോകകപ്പ് ഫൈനല്‍. കട്ടക്കിലെ ബാരാബതി സ്‌റ്റേഡിയത്തില്‍ ഇന്ന് നിറമണിഞ്ഞ ഉദ്ഘാടന ചടങ്ങുകളായിരുന്നു. പരമ്പരാഗത കലാരൂപങ്ങളുടെയും ഹോക്കിയില്‍ രാജ്യം സമ്പാദിച്ച നേട്ടങ്ങളുടെയും വിസ്മയം വിതറിയ ഒരു മണിക്കൂര്‍ ദീര്‍ഘിച്ച പരിപാടികള്‍ക്ക് സാക്ഷിയായി നവീന്‍ പട്‌നായിക്കിനെ കൂടാതെ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് ഠാക്കൂര്‍, രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ പ്രസിഡണ്ട് തയ്യിബ് ഇക്രം, ഹോക്കി ഇന്ത്യ ചെയര്‍മാന്‍ ദിലിപ് ടിര്‍ക്കെ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് ലോക ഹോക്കിക്ക് ഒഡിഷ ആതിഥേയത്വം വഹിക്കുന്നത്. 2

018 ന് ശേഷം വീണ്ടും വലിയ മല്‍സരത്തിന് അവസരമൊരുക്കിയ ഒഡിഷയെ തയ്യിബ് ഇക്രം വിശേഷിപ്പിച്ചത് ഹോക്കിയുടെ മണ്ണ് എന്നായിരുന്നു. ഒഡീഷയിലെ പതിനാറ് ഫാന്‍ സോണുകളിലായി വലിയ സ്‌ക്രീനില്‍ മല്‍സരങ്ങള്‍ ഇന്ന് മുതല്‍ ആരാധകര്‍ക്ക് കാണാം. രണ്ട് വേദികളിലായാണ് ലോകകപ്പ് മല്‍സരങ്ങള്‍. റൂര്‍ക്കലയിലെ ബിര്‍സാ മുണ്ടാ സ്‌റ്റേഡിയത്തിലും ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലും. 16 ടീമുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പിലെ 20 മല്‍സരങ്ങളായിരിക്കും റൂര്‍ക്കലയിലെ പുതിയ സ്‌റ്റേഡിയത്തില്‍. ഫൈനല്‍ ഉള്‍പ്പെടെ 24 മല്‍സരങ്ങള്‍ കലിംഗയിലായിരിക്കും. നാല് ഗ്രൂപ്പുകളില്‍ നിന്നും ആദ്യ സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തും. ഗ്രൂപ്പിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ ക്രോസ് ഓവര്‍ മല്‍സരങ്ങള്‍ കളിക്കണം. ഇതില്‍ ജയിക്കുന്നവര്‍ക്കും ക്വാര്‍ട്ടര്‍ ബെര്‍ത്തുണ്ട്.

ഇന്ത്യയുടെ ആദ്യ മല്‍സരം ഇന്ന്

കട്ടക്ക്: ഗ്രഹാം റീഡ് എന്ന വിശ്വോത്തര പരിശീലകന്‍ ഇത് വരെ നല്‍കിയ പാഠങ്ങള്‍ ഹര്‍മന്‍പ്രീത് സിംഗ് നയിക്കുന്ന അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ പ്രാവര്‍ത്തികമാക്കുമോ…? ലോകകപ്പ് ഹോക്കിയില്‍ ആതിഥേയരായ ഇന്ത്യയുടെ ആദ്യ മല്‍സരം ഇന്നാണ്. രാത്രി ഏഴിന് റൂര്‍ക്കലയിലെ പുത്തന്‍ ഹോക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യ എതിരിടുന്നത് കരുത്തരായ സ്‌പെയിനിനെ.

ഞായറാഴ്ച്ച ഇംഗ്ലണ്ടുമായി കളിക്കുന്ന ഇന്ത്യ ഗ്രൂപ്പിലെ അവസാന മല്‍സരം ഭുവനേശ്വറിലെ കലിംഗയിലാണ് കളിക്കുക. പ്രതിയോഗികള്‍ വെയില്‍സ്. ഗ്രൂപ്പില്‍ ആദ്യ സ്ഥാനം ലഭിച്ചാല്‍ മാത്രമാണ് നേരിട്ട് ക്വാര്‍ട്ടര്‍ ബെര്‍ത്ത്. ഹര്‍മന്‍പ്രീത് നയിക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ ഗോള്‍ വല കാക്കുന്നത് മലയാളിയായ പി.ആര്‍ ശ്രിജേഷാണ്. കൃഷ്ണന്‍ പഥക്കാണ് രണ്ടാംഗോള്‍ക്കീപ്പര്‍. പ്രതിരോധത്തില്‍ ജര്‍മന്‍പ്രീത് സിംഗ്, സുരേന്ദര്‍ കുമാര്‍, നായകന്‍ ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍ കുമാര്‍, അമിത് രോഹിദാസ്, നീലം സന്ദിപ് എന്നിവര്‍. മധ്യനിരയിലാണ് മുന്‍ നായകന്‍ മന്‍പ്രീത് സിംഗ്. ഹാര്‍ദിക് സിംഗ്, നീലകണ്ഠ ശര്‍മ, ഷംഷേര്‍ സിംഗ്, വിവേക് സാഗര്‍ പ്രസാദ്, അക്ഷദിപ് സിംഗ് എന്നിവര്‍. മുന്‍നിരയില്‍ മന്‍ദീപ് സിംഗ്, ലളിത് കുമാര്‍ ഉപാധ്യായ, അഭിഷേഖ്, സുഖ്ജിത് സിംഗ് എന്നിവര്‍. രാജ്കുമാര്‍ പാല്‍, ജുഗ്‌രാജ് സിംഗ് എന്നിവരുമാവുമ്പോള്‍ ടീം കരുത്തുറ്റതാണ്. ടോക്കിയോ ഒളിംപിക്‌സില്‍ രാജ്യത്തെ വെങ്കലത്തിലേക്ക് നയിച്ച മന്‍പ്രീത് തന്നെയാണ് ടീമിലെ പ്രധാനി.

ഒളിംപിക്‌സ് ഹോക്കി സ്വര്‍ണം ഇന്ത്യ എട്ട് തവണ സ്വന്തമാക്കിയെങ്കില്‍ ലോകകപ്പ് ആകെ ഒരു തവണ മാത്രമാണ് കിട്ടിയത്. 1975 ലെ നേട്ടത്തിന് ശേഷം ഇന്ത്യക്ക് ലോക ചാമ്പ്യന്മാരാവാന്‍ കഴിഞ്ഞിട്ടില്ല. 2010 ലും 2018 ലും ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചെങ്കിലും കിരീടം അകന്നു. 2018 ല്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തിയെങ്കിലും നെതര്‍ലന്‍ഡ്‌സിനോട് തോറ്റു.

webdesk11: