X

സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹോക്കി താരം പി ആര്‍ ശ്രീജേഷ്‌

കൊച്ചി: ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി സ്വര്‍ണ മെഡല്‍ നേടിയിട്ടും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കടുത്ത അവഗണനയെന്ന് ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ്. മെഡല്‍ നേടിയിട്ട് സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും ഒന്നു കാണാന്‍ വന്നില്ലെന്നും ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

‘മെഡല്‍ നേടി തിരിച്ചെത്തിയിട്ട് മൂന്നുനാല് ദിവസമായി. ഫോണ്‍ വിളിച്ച് പോലും ആരും അഭിനന്ദിച്ചില്ല. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് തന്നെ കാണാന്‍ ആരും വന്നില്ല. ഒരു പഞ്ചായത്ത് അംഗം പോലും തന്നെ സന്ദര്‍ശിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തില്ല’ – ശ്രീജേഷ് പറഞ്ഞു. ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് വീട്ടിലെത്തി അഭിനന്ദിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ശ്രീജേഷ്.

സര്‍ക്കാരില്‍ നിന്ന് നേരിടുന്ന ഈ അവഗണന നാളത്തെ തലമുറ കണ്ടുപഠിക്കുന്ന കാര്യമാണ്. അവര്‍ നോക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയാലും നാട്ടില്‍ വലിയ വിലയൊന്നുമില്ല എന്ന ചിന്താഗതി വരുമ്പോള്‍ അത് അവരെ എത്രത്തോളം നിരുത്സാഹപ്പെടുത്തും എന്ന് ചിന്തിച്ചാല്‍ മതി. ഹരിയാന സര്‍ക്കാരാണെങ്കില്‍ മൂന്ന് കോടി രൂപയാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് കൊടുക്കുന്നത്.ഇന്ത്യന്‍ ഹോക്കി ടീമിലെ തന്റെ സഹതാരമായ അമിത് രോഹിദാസ് കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന് ഒന്നരകോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി അപ്പോള്‍ തന്നെ കൈയില്‍ കൊടുത്തു. അതൊക്കെയാണ് അവരുടെ പ്രചോദനമെന്നും ശ്രീജേഷ് പറഞ്ഞു. ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്തുവിട്ടാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഫൈനലില്‍ പി ആര്‍ ശ്രീജേഷിന്റെ മിന്നും സേവുകള്‍ ഇന്ത്യയുടെ രക്ഷക്കെത്തിയിരുന്നു. 2024ലെ പാരീസ് ഒളിംപിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇതിലൂടെ ഇന്ത്യക്കായി.

webdesk11: