X

ഹോക്കി: ഇന്ത്യ പൊരുതി വീണു നാളെ വെങ്കലത്തിന്

പാരീസ്: അതിമനോഹരമായി കളിച്ചിട്ടും ജർമനിക്ക് മുന്നിൽ 3-2 ന് കീഴടങ്ങി ഇന്ത്യ ഒളിംപിക് ഹോക്കി സെമിയിൽ തോറ്റു. പക്ഷേ മെഡൽ സാധ്യത ബാക്കി. നാളെ ഇന്ത്യ വെങ്കലത്തിനായി സ്പെയിനുമായി കളിക്കും. ശ്രീജേഷ് മികവിലായിരുന്നു ഇന്നലെയും ഇന്ത്യ. പക്ഷേ അവസാനത്തിലെ ജർമൻ കടന്നാക്രമണം തടയാനായില്ല. ഫൈനലിൽ ജർമനി നെതർലൻഡ്സിനെ നേരിടും. ഗംഭീരമായിരുന്നു ഇന്ത്യൻ തുടക്കം. രണ്ടാം മിനുട്ടിൽ തന്നെ പെനാൽട്ടി കോർണർ.

അത് ലക്ഷ്യത്തിലെത്തിയിലെങ്കിലും പിന്നെയും ആദ്യ 15 മിനുട്ടിൽ അഞ്ച് പെനാൽട്ടി കോർണറുകൾ. അതിൽ അവസാന പെനാൽട്ടി കോർണർ ഹർമൻ പ്രീത് ഗോളാക്കിയപ്പോൾ ഗ്യാലറിയിൽ ഇന്ത്യൻ ആവേശം. അടുത്ത ഘട്ടത്തിൽ ജർമനി രണ്ട് ഗോൾ തിരിച്ചടിച്ചു. പെനാൽട്ടി കോർണറിൽ നിന്നും ഗോൺസാലോ പെലാട്ട് സമനില നേടിയപ്പോൾ പെനാൽട്ടി സ്ട്രോക്കിലുടെ കൃസ്റ്റഫർ റുഥർ ജർമനിക്ക് ലീഡ് സമ്മാനിച്ചു.

ഇടവേളക്ക് പിരിയുമ്പോൾ ജർമനി 2-1ന് മുന്നിൽ. എന്നാൽ ഇടവേളക്ക് ശേഷം ഇന്ത്യ തിരികെയെത്തി. പെനാൽട്ടി കോർണർ വഴി വന്ന പന്ത് സുഖ്ജിത് സിംഗ് ഗോളാക്കി മാറ്റിയതോടെ മൽസരം 2-2ൽ. കളി അവസാനിക്കാൻ ആറ് മിനുട്ട് ബാക്കി നിൽക്കെ മാർസോ മിൽക്കോ ഇന്ത്യയുടെ അന്തകനായി.

webdesk13: