മീററ്റ്: ഉത്തര്‍പ്രദേശില്‍ ജീവിക്കണമെങ്കില്‍ യോഗിയുടെ നാമം ജപിച്ചേ മതിയാവൂ എന്നെഴുതിയ ബോര്‍ഡുകള്‍ വിവാദത്തിലേക്ക്. മീററ്റില്‍ ഹിന്ദു യുവവാഹിനിയുടെ ജില്ലാ യൂണിറ്റിന്റെ പേരില്‍ സ്ഥാപിച്ച ബോര്‍ഡുകളിലാണ് ഭീഷണിസ്വരത്തിലുള്ള പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്. ജില്ലാ കമ്മീഷണറടക്കം പ്രദേശത്തെ പൊലീസുദ്യോഗസ്ഥരുടെയും സീനിയര്‍ ഭരണകര്‍ത്താക്കളുടെയും വസതിക്ക് സമീപമാണ് വിവാദമായ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആദിത്യനാഥ് രൂപീകരിച്ച യുവജനസംഘത്തിന്റെ ജില്ലാ യൂണിറ്റ് മേധാവിയെന്ന് അവകാശപ്പെടുന്ന നീരജ് ശര്‍മ പഞ്ചാലി എന്നിവരുടെ ചിത്രങ്ങള്‍ സഹിതമാണ് ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
പ്രദേശ് മേം രഹ്‌നാ തൊ യോഗി, യോഗി കഹ്‌നാ ഹെ (ഇവിടെ ജീവിക്കണമെന്നുണ്ടെങ്കില്‍ യോഗിയുടെ നാമം ജപിച്ചേ തീരൂ) എന്നാണ് ബോര്‍ഡിലുള്ള പരാമര്‍ശം.
പ്രാദേശിക ഇന്റലിജന്‍സ് യൂണിറ്റിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടതായി പൊലീസ് സൂപ്രണ്ട് ജെ.രവീന്ദ്ര ഗൗര്‍ പിടിഐയോട് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാനും നടപടി കൈക്കൊള്ളാനും കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പഞ്ചലിയെ ഒരു മാസം മുമ്പ് തന്നെ സംഘടനയുടെ ജില്ലാമേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതാണെന്നും സംഘടനക്ക ദുഷ്‌പേര് വരുത്തുന്ന ഇടപെടലുകളാണ് അദ്ദേഹത്തില്‍ നിന്ന് തുടര്‍ന്നുമുണ്ടാവുന്നതെന്നും യുവവാഹിനി സംസ്ഥാന യൂണിറ്റംഗമായ നാദേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.