X

എച്ച്.എം.പി.വി; ഇന്ത്യയിലെ ആദ്യത്തെ കേസുകള്‍ എന്ന് വിശേഷിപ്പിച്ചത് തെറ്റാണ്; കര്‍ണാടക ആരോഗ്യമന്ത്രി

ബംഗളൂരു: എച്ച്.എം.പി.വി കേസുകള്‍ കര്‍ണാടകയില്‍ സ്ഥിരീകരിച്ചതിനു പിന്നാലെ ഇത് ഒരു പുതിയ വൈറസല്ലെന്നും ഇവ രണ്ടും ഇന്ത്യയിലെ ആദ്യത്തെ കേസുകള്‍ എന്ന് വിളിക്കുന്നത് ശെരിയല്ലെന്നും കര്‍ണാടക ആരോഗ്യമന്ത്രി. ‘കര്‍ണാടക പാനിക് ബട്ടണ്‍ അമര്‍ത്തണമെന്ന് കരുതുന്നില്ല. കാരണം എച്ച്.എം.പി.വി പുതിയ വൈറസല്ല, ഇത് നിലവിലുള്ള വൈറസാണ്’-ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ എച്ച്.എം.പി.വി കേസുകളാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുള്ളതെന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇത് ശരിയല്ല. ഒരു നിശ്ചിത ശതമാനം ആളുകള്‍ക്ക് ഈ വൈറസ് ബാധിച്ചിട്ടുണ്ട്. രോഗം ബാധിച്ച കുട്ടിക്ക് ഇന്ത്യക്കു പുറത്തുള്ള യാത്രാ ചരിത്രമില്ല. അവര്‍ ഈ നാട്ടുകാരാണ് -ഗുണ്ടു റാവു പറഞ്ഞു. ഇന്ത്യാ സര്‍ക്കാര്‍ ഇതുവരെ ഞങ്ങള്‍ക്ക് മുഴുവന്‍ വിശദാംശങ്ങളും നല്‍കിയിട്ടില്ല. ഒരുപക്ഷെ അവരും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബംഗളൂരുവിലെ എട്ടു മാസം പ്രായമുള്ള കുട്ടിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ബ്രോങ്കോ ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ്. വൈറസ് ബാധ തിരിച്ചറിഞ്ഞ മറ്റൊരു കുഞ്ഞിനും അന്താരാഷ്ട്ര യാത്രയുടെ ചരിത്രമില്ലെന്ന് ഐ.സി.എം.ആര്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ഐ.സി.എം.ആര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായ പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞതെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ലഭ്യമായ എല്ലാ നിരീക്ഷണ ചാനലുകളിലൂടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും അറിയിച്ചു.

webdesk18: