X

ഹജ്ജ് യാത്ര നെടുമ്പാശ്ശേരിയില്‍; ഒരുക്കം കരിപ്പൂരിലും

ഹസീബ് റഹ്മാന്‍

കൊണ്ടോട്ടി: ഹജ്ജ് സര്‍വീസ് ഇത്തവണയും നെടുമ്പാശ്ശേരിയിലാക്കിയതിന്റെ പ്രതിഷേധത്തിനിടയിലും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ യാത്രാ നടപടി ക്രമങ്ങളുടെ ഒരുക്കംസജീവം.അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി ഇതിനകം 80000 പൂര്‍ത്തീകരിച്ചു. മൂന്ന് ദിവസത്തിനകം മുഴുവന്‍ ഡാറ്റാ എന്‍ട്രിയും പൂര്‍ത്തീകരിക്കും.18 ന് സംസ്ഥാന ഹജ്ജ് കമ്മറ്റി യോഗം ഹജ്ജ് ഹൗസില്‍ നടക്കുന്നുണ്ട്. രാജ്യത്തെ മികച്ച ഹജ്ജ് ക്യാമ്പായി ഒട്ടേറെ തവണ കരിപ്പൂരിനെ തെരഞ്ഞെടുത്തിട്ടും ഹജ്ജ് സര്‍വീസ് മാത്രം നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയ കേന്ദ്ര നടപടിയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

വിപുലമായ സംവിധാനത്തോടെ കരിപ്പൂരിനോട് ചേര്‍ന്നുള്ള ഹജ്ജ് ഹൗസിനെ അവഗണിക്കുക കൂടിയാണ് കേന്ദ്ര നിലപാട് വഴി പുറത്തായതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കരിപ്പൂര്‍ ഹജജ് ഹൗസ് സന്ദര്‍ശിച്ച കേന്ദ്ര ഹജജ് കമ്മറ്റി ചെയര്‍മാന്‍ മഖ്ബൂല്‍ അലിഖൈസര്‍ ഇവിടെത്തെ അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ സംതൃപ്തിഅറിയിച്ചിരുന്നു.കരിപ്പൂരിന്റെ ഹജ്ജ് സര്‍വീസ് സൗകര്യം കേന്ദ്രത്തെ അറിയിക്കുമെന്ന് ഹജ്ജ് കമ്മറ്റിക്ക് ഉറപ്പ് നല്‍കിയായിരുന്നു അദ്ദേഹം മടങ്ങിയത്. എന്നാല്‍ ഇതിന്റെ പിന്നാലെയാണ് കേന്ദ്ര വ്യാ മയാന വകുപ്പിന്റെ തല തിരിഞ്ഞ പ്രഖ്യാപനം വന്നത്.

നവീകരണം പൂര്‍ത്തിയാവുന്ന മുറക്ക് തന്നെ ഹജ്ജ്‌യാത്ര കരിപ്പൂര്‍ വഴിയാക്കുമെന്നു കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും ബോധപൂര്‍വം കരിപ്പൂരിനെ ഒഴിവാക്കാനുളള ഗൂഢ നീക്കമാണ് കേന്ദ്രം നടത്തുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സൗകര്യപ്പെടുന്ന തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ അപേക്ഷകര്‍ 17 ശതമാനം മാത്രമാണന്നിരിക്കെയാണ് 83 ശതമാനം വരുന്ന മലബാര്‍ ഹജ്ജ് തീര്‍ത്ഥാടകരെ പാടെ അവഗണിക്കുന്നത്.

അവസരം ലഭിച്ച റിസര്‍വ് വിഭാഗക്കാരില്‍ കൂടുതലും പ്രായം ചെന്നവരാകയാല്‍ തീര്‍ത്ഥാടകര്‍ക്ക് യാത്രാ പ്രയാസമുണ്ടാക്കുന്നുണ്ട്. ഇതോടൊപ്പം ഹജജ് കമ്മറ്റിക്കും തീര്‍ത്ഥാടകര്‍ക്കും സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. 2002 ലാണ് കരിപ്പൂര്‍ വിമാനത്താവളത്തെ കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റായി പ്രഖ്യാപിച്ചത്.കരിപ്പൂരിന്റ വികസനത്തിന് കൂടി ഇത് ആക്കം കൂട്ടിയിരുന്നു. നിലവില്‍ ഹജജ്എംബാര്‍ക്കേഷന്‍ പോയന്റ് നെടുമ്പാശ്ശേരിക്ക് മാറ്റുക വഴി കരിപ്പൂരിനെ തളര്‍ത്തുക കൂടിയാണ് കേന്ദ്രം ചെയ്യുന്നത്. കരിപ്പൂരിനെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിനെതിരെ മുസ് ലിം ലീഗ് ഉള്‍പ്പെടെ വിവിധസംഘടനകള്‍സമരപ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുണ്ട്.

chandrika: