X

ലബനാനില്‍ നേട്ടം കൊയ്ത് ഹിസ്ബുല്ല സഖ്യം

ബെയ്‌റൂത്ത്: ഒമ്പതുവര്‍ഷത്തെ ഇടവേളക്കുശേഷം ലബനാനില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിസ്ബുല്ലയും അമാല്‍ മൂവ്‌മെന്റും സഖ്യകക്ഷികളും വന്‍ നേട്ടം കൊയ്തു. ബെകാഅ ജില്ലയും രണ്ട് തെക്കന്‍ ജില്ലകളും സഖ്യം തൂത്തുവാരി. പാര്‍ലമെന്റിലെ 27 ഷിയാ സീറ്റുകളില്‍ 26 സീറ്റുകള്‍ ഹിസ്ബുല്ലയും അമാലും സ്വന്തമാക്കി. ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഹിസ്ബുല്ല, അമല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷവുമായി തെരുവിലിറങ്ങിയിരുന്നു. ലബനീസ് പാര്‍ലമെന്റിലെ പകുതിയിലേറെ സീറ്റുകള്‍ നേടി ഹിസ്ബുല്ല കരുത്ത് തെളിയിച്ചു.
ഇറാന്റെ പിന്തുണയുള്ള ഷിയാ സായുധ സംഘടനയായ ഹിസ്ബുല്ലയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഇസ്രാഈല്‍ അതൃപ്തി പ്രകടിപ്പിച്ചു. ലബനാനും ഹിസ്ബുല്ലയും ഒന്നു തന്നെയാണെന്ന് ഇസ്രാഈല്‍ വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ഹിസ്ബുല്ലയില്‍നിന്നുണ്ടാകുന്ന ഏത് ആക്രമണത്തിനും ലബനാന്‍ തന്നെയായിരിക്കും ഉത്തരവാദിയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒമ്പത് വര്‍ഷത്തിന് ശേഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലബനാന്‍ ജനത വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്. സിറിയന്‍ ആഭ്യന്തര യുദ്ധവും തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളും കാരണം വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു. സാമ്പത്തികമായി ഇപ്പോഴും മുടന്തി നീങ്ങുന്ന രാജ്യമാണ് ലബനാന്‍. 1975 മുതല്‍ 1990 വരെ നീണ്ടുനിന്ന ആഭ്യന്തര യുദ്ധവും ഇസ്രാഈല്‍ ആക്രമണവും രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്തു. സിറിയന്‍ ആഭ്യന്തര യുദ്ധവും ലബനാനെ പ്രതികൂലമായി ബാധിച്ചു. ഹിസ്ബുല്ലയുടെ നേതൃത്വത്തില്‍ സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ അനുകൂലിക്കന്നവരും സഊദി അറേബ്യയെ അനുകൂലിക്കുന്നവരുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ചേരിതിരിഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കി.

chandrika: