X
    Categories: gulfNews

‘ഹയ്യ’: സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഖത്തര്‍

ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനോടാനുബന്ധിച്ച് രാജ്യത്തേക്ക് പ്രവേശിക്കാനും മെട്രോ, സ്‌റ്റേഡിയം ഉള്‍പ്പെടെ പ്രവേശനത്തിനും ഖത്തര്‍ പുറത്തിറക്കിയ ഹയ്യ പ്ലാറ്റ്‌ഫോമില്‍ ഇ-വിസയുടെ മൂന്ന് പുതിയ വിഭാഗങ്ങള്‍ കൂടി ചേര്‍ക്കാന്‍ ഖത്തര്‍ തീരുമാനം. രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നു ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ബാക്കിര്‍ അറിയിച്ചു. ഇത് ഉടനടി പ്രാബല്യത്തില്‍ വരും. എല്ലാ സഞ്ചാരികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള രാജ്യത്തെ ഏക പോര്‍ട്ടലായി ഹയ്യ പ്ലാറ്റ്‌ഫോം മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഹയ്യ ഇ-വിസ സന്ദര്‍ശകരെ രാജ്യം, റെസിഡന്‍സി അല്ലെങ്കില്‍ ഒരു യാത്രികന് ഇതിനകം ഉള്ള മറ്റ് അന്താരാഷ്ട്ര വിസ എന്നിവ അടിസ്ഥാനമാക്കി തരംതിരിക്കും.വിസ ഓണ്‍ അറൈവല്‍ വഴിയോ വിസ ഫ്രീ എന്‍ട്രി വഴിയോ 95ലധികം രാജ്യക്കാര്‍ക്കു ഇതിനകം വിസയില്ലാതെ പ്രവേശനം അനുവദനീയമാണ്. എളുപ്പത്തില്‍ ആക്‌സസ് അനുവദിക്കുന്ന മൂന്ന് പുതിയ വിഭാഗങ്ങളെക്കൂടി ഹയ്യ വഴി ഉള്‍പ്പെടുത്തിയെന്ന് മാത്രം. വിസ ഓണ്‍ അറൈവല്‍ അല്ലെങ്കില്‍ വിസ ഫ്രീ എന്‍ട്രിക്ക് യോഗ്യത നേടാത്ത എല്ലാ രാജ്യക്കാരെയും എവണ്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. എടു എന്നത് ഗള്‍ഫ് നിവാസികള്‍ക്കുള്ളതാണ്. എല്ലാ പ്രൊഫഷനുകള്‍ക്കും ഇതു മുഖേന ഇ വിസ ലഭിക്കും. യു.കെ, അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിസയോ റെസിഡന്‍സിയോ ഉള്ള സന്ദര്‍ശകര്‍ക്കുള്ളതാണ് എത്രീ വിഭാഗം. 2030ഓടെ ഓരോ വര്‍ഷവും 6 ദശലക്ഷം സന്ദര്‍ശകരെ ഖത്തറിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. സാമ്പത്തിക മുന്നേറ്റത്തിന് പുറമെ രാജ്യത്തുടനീളം എണ്ണമറ്റ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുമെന്ന് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.ഹയ്യ വഴി ഇ-വിസ ഒരുക്കിയത് 15ലധികം അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ സന്ദര്‍ശനം എളുപ്പമാക്കും. ഈ വര്‍ഷത്തെ അറബ് ടൂറിസം തലസ്ഥാനം എന്ന നിലയില്‍ ദോഹക്ക് കൂടുതല്‍ ആകര്‍ഷണീയത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

webdesk11: