ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് പിന്നാലെ ഇന്ത്യ അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പരയ്ക്ക് തയ്യാറെടുക്കും. ജൂണില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയാണ് ഇന്ത്യയുടെ അഫ്ഗാന്‍ പരമ്പര. 3 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് ജനുവരി 11ന് തുടക്കമാകും.
എന്നാല്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ട്വന്റി20യിലേക്ക് തിരിച്ചുവരുന്നുവെന്ന സൂചനകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അഫ്ഗാന്‍ പരമ്പരയില്‍ അത് സംഭവിക്കുകയാണെങ്കില്‍ അജിത് അഗാര്‍ക്കര്‍ നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ തലവേദന ഇരട്ടിക്കുമെന്ന് ഉറപ്പാണ്.
2022 ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റു പുറത്തായതിനുശേഷം ഫോര്‍മാറ്റില്‍ രോഹിതും കോഹ്‌ലിയും പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരുന്നു ഈ നീക്കം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലൂടെ ഇരുവരും തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അങ്ങനെയൊന്ന് സംഭവിച്ചില്ല.
രോഹിതും കോഹ്‌ലിയും ട്വന്റി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് അഗാര്‍ക്കറും സംഘവും. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, രോഹിത്, കോഹ്‌ലി എന്നിവരുമായി ചര്‍ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ജനുവരി 25 മുതല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇരുവരും ട്വന്റി20 ടീമിലേക്ക് മടങ്ങിയെത്തുമോയെന്നതില്‍ വ്യക്തതയില്ല. ടീമില്‍ എത്തിയാല്‍ പോലും പരമ്പരയിലുടനീളം ഇരുവരുടേയും സാന്നിധ്യമുണ്ടാകണമെന്നുമില്ല.
അഫ്ഗാനിസ്താനെതിരായ പരമ്പരയോടെ ട്വന്റി20 ലോകകപ്പിനുള്ള അന്തിമ ടീമിലേക്ക് സെലക്ടര്‍മാര്‍ എത്താനും സാധ്യത കുറവാണ്. പ്രത്യേകിച്ചും സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും പരുക്കേറ്റ് വിശ്രമത്തിലായിരിക്കുന്ന സാഹചര്യത്തില്‍. 2024 ഐപിഎല്‍ സീസണ്‍ താരങ്ങള്‍ക്ക് നിര്‍ണായകമാകും. 15 അംഗ ടീമിലേക്ക് നിലവില്‍ നിരീക്ഷണത്തിലുള്ളത് മുപ്പതോളം താരങ്ങളാണ്.