ബെര്‍ലിന്‍: ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ മരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം. കൊടും ക്രൂരതകളിലൂടെ ലോകത്തെ വിറപ്പിച്ച ഹില്റ്റലര്‍ സ്വയം ജീവിതം അവസാനിപ്പിക്കുക തന്നെയായിരുന്നുവെന്ന് ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഹിറ്റ്‌ലര്‍ ഭീരുവിനെപ്പോലെ പെരുമാറുകയില്ലെന്നും മുങ്ങിക്കപ്പലില്‍ അര്‍ജന്റീനയിലേക്ക് രക്ഷപ്പെട്ട അദ്ദേഹം അന്റാര്‍ട്ടിക്കയിലുള്ള രഹസ്യ താവളത്തില്‍ ശിഷ്ടകാലം ജീവിച്ചെന്നുമുള്ള വാദങ്ങളെ റിപ്പോര്‍ട്ട് തള്ളി. ഹിറ്റ്‌ലറുടെ പല്ലുകളില്‍ നടത്തിയ പഠനം അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന വാദത്തെ ശരിവെക്കുന്നു. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തില്‍ നാസികള്‍ പരാജയപ്പെട്ട ശേഷം 1945 ഏപ്രില്‍ 30ന് ബര്‍ലിനിലെ ഭൂഗര്‍ഭ അറയില്‍ ഹിറ്റ്‌ലറും ഈവ ബ്രൗണും ആത്മഹത്യ ചെയ്യുകയായിരുന്നു. സയനൈഡ് കഴിച്ച ശേഷം മരണം ഉറപ്പാക്കാന്‍ തലക്ക് സ്വയം വെടിവെച്ചു. ഫിലിപ്പ് ഷാര്‍ലിയെയും സംഘവും തയാറാക്കിയ പഠനറിപ്പോര്‍ട്ട് പ്രകാരം 1945ല്‍ തന്നെ ഹിറ്റ്‌ലര്‍ മരിച്ചുവെന്നാണ് വ്യക്തമാകുന്നത്.
മോസ്‌കോയിലാണ് ഹിറ്റ്‌ലറുടെ പല്ലുകളുടെ ശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇടതുവശത്ത് വെടിയേറ്റതിന്റെ ദ്വാരമുള്ള തലയോട്ടിയും റഷ്യന്‍ അധികൃതര്‍ പഠനസംഘത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. പക്ഷെ, പഠനവിധേയമാക്കാന്‍ അനുവദിച്ചിരുന്നില്ല. വായിലേക്കല്ല, കഴുത്തിലേക്കോ നെറ്റിയിലേക്കോ ആയിരിക്കാം വെടിവെച്ചതെന്നും പഠനസംഘം അഭിപ്രായപ്പെടുന്നു. ഹിറ്റ്‌ലര്‍ സസ്യഭുക്കാണെന്നും റിപ്പോര്‍ട്ട് ശരിവെക്കുന്നുണ്ട്.