ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് മഹാമാരി കൈകാര്യം ചെയ്ത ചരിത്രം എക്കാലത്തും ഓര്‍മിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. പാര്‍ലമെന്റില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മഹാമാരിയുടെ തുടക്കം മുതല്‍ തന്നെ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുന്നു. എല്ലാ മുഖ്യമന്ത്രിമാരും ഈ പോരാട്ടത്തില്‍ പ്രധാനമന്ത്രിക്കൊപ്പം ചേര്‍ന്നു- അദ്ദേഹം പറഞ്ഞു.
ആവശ്യത്തിന് മാസ്‌കില്ല, പിപിഇ കിറ്റുകളില്ല, വെന്റിലേറ്ററുകളില്ല, ഓക്‌സിന്‍ വിതരണമില്ല എന്നൊക്കെ ജനങ്ങള്‍ പറഞ്ഞ സമയമുണ്ടായിരുന്നു. ജനം ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കുകയും ചെയ്തിരുന്നു. നമ്മള്‍ പ്രവചിച്ചതിനും സമ്പൂര്‍ണമായി എതിര്‍ദിശയിലാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍. നമ്മള്‍ ഒന്നിച്ചാണ് കോവിഡിനെതിരെ പൊരുതിയത്- ഹര്‍ഷ് വര്‍ധന്‍ കൂട്ടിച്ചേര്‍ത്തു.
ജനുവരി ഏഴിനാണ് കോവിഡ് വൈറസിനെ കുറിച്ച് ലോകാരോഗ്യസംഘടനയില്‍ നിന്ന് ആദ്യ ആശയവിനിമയം ലഭിക്കുന്നത്. അന്നു തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ജനുവരി 30നാണ് രാജ്യത്ത് ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. അതിനു ശേഷം 162 പേരെ കണ്ടെത്തി. സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്ന ജോലി അവിടെ നിന്നാണ് ആരംഭിച്ചത്- മന്ത്രി വ്യക്തമാക്കി.
ആഗോള തലത്തില്‍ തന്നെ കോവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 51 ലക്ഷത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 40 ലക്ഷം പേര്‍ രോഗമുക്തരായി. 83,198 പേരാണ് മരണത്തിന് കീഴടങ്ങിയത്. രാജ്യത്തെ മരണനിരക്ക് 1.63 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 10.7 ലക്ഷം. കേസുകളുടെ എണ്ണത്തില്‍ യുഎസ് മാത്രമാണ് ഇന്ത്യയ്ക്ക് മുകളിലുള്ളത്.