X

‘അട്ടിപ്പേറവകാശ’ത്തില്‍ തെളിയുന്നത് ചരിത്രം;ലീഗ് വിരുദ്ധതയില്‍ ഒറ്റപ്പെട്ട് പിണറായി

ഫിര്‍ദൗസ് കായല്‍പ്പുറം

വഖഫ് സംരക്ഷണ റാലിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിനെ കടന്നാക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റേത് ഒറ്റപ്പെട്ട ശബ്ദമാകുന്നു. ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ പാരമ്പര്യമുള്ള ലീഗിനെ വെല്ലുവിളിച്ച പിണറായിയെ പിന്തുണക്കാന്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ പോലും രംഗത്തില്ല. ഇതോടെ ‘അട്ടിപ്പേറവകാശ’ത്തിന് വാദമുന്നയിച്ച പിണറായിയുടെ നീക്കം പൊളിഞ്ഞു.

കോഴിക്കോട് കടപ്പുറത്തുനടന്ന വഖഫ് റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം പോലും പിണറായിയുടെ ന്യൂനപക്ഷ വിരുദ്ധതയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വന്‍ ആള്‍ക്കൂട്ടമാണുണ്ടായത്. ബി.ജെ.പിയടക്കം വിവിധ രാഷട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ ആര്‍ക്കെതിരെയും കേസെടുക്കാന്‍ പിണറായി തയാറായിട്ടില്ല. മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് പ്രതികളാക്കാനുള്ള നീക്കം ആസൂത്രിതമാണെന്നു തന്നെയാണ് നേതാക്കള്‍ വ്യക്തമാകുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന സി.പി.എമ്മിന്റെ ന്യൂനപക്ഷ വിരോധത്തിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് മുസ്‌ലിം ലീഗിനെതിരായ നീക്കത്തെ വിലയിരുത്തുന്നത്.

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനമടക്കം കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളില്‍ കൈവെക്കുന്ന ഇടതുസര്‍ക്കാറിന്റെ നിലപാടിനെയാണ് വഖഫ് റാലിയിലൂടെ ലീഗ് നേതാക്കള്‍ ചോദ്യം ചെയ്തത്. എന്നാല്‍ നേതാക്കളുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെത്ത് രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പിണറായിയുടെ തന്ത്രത്തെ തുടര്‍ച്ചയായ നാലാം ദിവസവും ആരും ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. മുസ്‌ലിം സമുദായത്തിന്റെ ‘അട്ടിപ്പേറവകാശം’ മുസ്‌ലിം ലീഗിനാണോ എന്ന ചോദ്യമാണ് പിണറായി ഉയര്‍ത്തിയത്. ഇതിന് ചരിത്ര വസ്തുതകള്‍ ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും നേതാക്കള്‍ മറുപടി നല്‍കിയിട്ടുണ്ട്. മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് മുന്നില്‍ നിന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ് എന്ന് ചരിത്രം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ലീഗിനെതിരായ പിണറായിയുടെ ആക്രോശങ്ങള്‍ക്ക് ഒരു മുസ്‌ലിം സംഘടനയുടെയും പിന്തുണ ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.സമീപകാലത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്ന കാര്യത്തില്‍ പിണറായിയുടെ മുസ്‌ലിം വിരുദ്ധത തുറന്നുകാട്ടാന്‍ ലീഗിന് കിട്ടിയ അവസരമായാണ് വഖഫ് സമരത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. അറബിഭാഷാ പ്രക്ഷോഭം മുതല്‍ വഖഫ് സമരം വരെയുള്ള മുസ്‌ലിംലീഗ് ചരിത്രം കേരളം ചര്‍ച്ച ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

 

 

 

 

 

 

 

Test User: