ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യം നേടിയ 1947ന് ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് 17 പേരാണ് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 18-ാമത്തെ പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോ, ശശി തരൂരോ ആയിരിക്കും. നിലവിലെ സാഹചര്യങ്ങളില്‍ വലിയ മാറ്റമൊന്നും വരാത്ത പക്ഷം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പാര്‍ട്ടിയുടെ 18-ാം അധ്യക്ഷനാവും. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായി 2019 ഓഗസ്റ്റ് 10 നാണ് സോണിയ ഗാന്ധി ഒടുവില്‍ പാര്‍ട്ടിയുടെ പരമോന്നത പദവില്‍ എത്തുന്നത്. 17-ാമത് പ്രസിഡന്റ് എന്ന നിലയായിരുന്നു സ്ഥാനാരോഹണം. 1998ലാണ് ആദ്യമായി സോണിയ പാര്‍ട്ടി അധ്യക്ഷയാവുന്നത്. പിന്നീട് തുടര്‍ച്ചായായ 24 വര്‍ഷത്തോളം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അധ്യക്ഷപദവിയില്‍ തുടര്‍ന്നു.
സ്വാതന്ത്ര്യത്തിനു ശേഷം 76 വര്‍ഷത്തിനിടയില്‍ കൂടുതല്‍ കാലം അധ്യക്ഷ പദവി കയ്യാളിയത് നെഹ്‌റു, ഗാന്ധി കുടുംബാംഗങ്ങള്‍ ആയിരുന്നു. ഇതിന് മുന്‍പ് നാല് തവണയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. നെഹ്‌റു-ഗാന്ധി കുടുംബത്തിനു പുറത്തു നിന്നുള്ള അധ്യക്ഷന്‍മാര്‍ ഇവരാണ്.
ജെ.ബി കൃപലാനി (1947)
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജീവത്‌റാം ഭഗവന്‍ദാസ് കൃപലാനി. 1950ല്‍ തിരഞ്ഞെടുപ്പില്‍ തോറ്റ് പാര്‍ട്ടി വിട്ട് കിസാന്‍ മസ്ദൂര്‍ പ്രജ പാര്‍ട്ടി സ്ഥാപിച്ചു. പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ലയിച്ച് പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയായി.
പട്ടാഭി സീതാരാമയ്യ (1948-49)
സ്വാതന്ത്ര്യം ലഭിച്ച ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായി എത്തിയ ആദ്യ വ്യക്തി പട്ടാഭി സീതാ രാമയ്യ ആയിരുന്നു. 1948 മുതല്‍ 49 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പൂര്‍ണപിന്തുണ ഉണ്ടായിരുന്നയാളായിരുന്നു സീതാരാമയ്യ. രാജ്യസഭാംഗം, മധ്യപ്രദേശ് ഗവര്‍ണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ആന്ധ്ര പ്രദേശ് എന്ന പ്രത്യേക സംസ്ഥാനത്തിനായി നിരന്തരം ശബ്ദമുയര്‍ത്തിയ വ്യക്തി കൂടിയായിരുന്നു.
പുരുഷോത്തം ദാസ് ടണ്ഠണ്‍ (1950)
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ തിരഞ്ഞെടുപ്പ് വിജയിച്ചാണ് പുരുഷോത്തം ദാസ് ടണ്ഠണ്‍ പാര്‍ട്ടിയെ നയിക്കാനെത്തിയത്. ജെ.ബി കൃപലാനിയായിരുന്നു എതിരാളി. കൃപലാനി സ്വന്തമാക്കിയ 1092 വോട്ടുകള്‍ക്ക് എതിരെ 1306 വോട്ടുകള്‍ക്കായിരുന്നു ടണ്ഠന്റെ വിജയം. 1952ല്‍ ലോക്‌സഭാ എംപിയായിരുന്നു ശേഷം 56ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദിക്ക് ഔദ്യോഗിക ഭാഷാ പദവി ലഭിക്കുന്നത് ഉറപ്പാക്കുന്നതിലും പ്രധാന പങ്കുവഹിച്ച വ്യക്തി കൂടിയാണ് പുരുഷോത്തം ദാസ് ട്ണ്ഠണ്‍. 1951 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ട്ടി അധ്യക്ഷസ്ഥാനത്തി പിന്നീട് 1954 വരെ അദ്ദേഹം തല്‍ സ്ഥാനത്ത് തുടര്‍ന്നു.
യു.എന്‍ ധേബാര്‍ (1955 – 59)
സൗരാഷ്ട്രയുടെ മുഖ്യമന്ത്രിയായിരുന്ന യു.എന്‍ ധേബാര്‍ 1954 നവംബറിലാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. നെഹ്‌റു ധേബാറിനോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് പാര്‍ട്ടി അധ്യക്ഷനാകുന്ന ആദ്യ വ്യക്തിയായിരുന്നു യു. എന്‍ ധേബാര്‍. അഞ്ച് വര്‍ഷത്തിനു ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഇന്ദിര ഗാന്ധി ഏറ്റെടുത്തു. ഒരു വര്‍ഷത്തോളമായിരുന്നു ഇന്ദിര ഈ പദവി വഹിച്ചത്.
നീലം സഞ്ജീവ റെഡ്ഢി (1960-63)
ഇന്ത്യയുടെ രാഷ്ട്രപതിപദം അലങ്കരിച്ചിട്ടുള്ള നീലം സഞ്ജീവ റെഡ്ഢി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ 1960 മുതല്‍ മൂന്നു വര്‍ഷം ഇരുന്നിട്ടുണ്ട്. ലോക്‌സഭാ സ്പീക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട് 17 ദിവസത്തിന് ശേഷം രാജി വെച്ച് രാഷ്ട്രപതിയായി.
കെ കാമരാജ് (1964, 67)
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയായിരുന്നു കെ കാമരാജ്. 1963 ഒക്ടോബറിലാണ് പാര്‍ട്ടി അധ്യക്ഷനാവാന്‍ വേണ്ടി കെ കാമരാജ് സ്വമേധയാ തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നത്.
അധികാരമേറ്റെടുത്ത് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് എം ഭക്തവത്സലത്തെ സംസ്ഥാന അധികാരം ഏല്‍പ്പിച്ച് കാമരാജ് പാര്‍ട്ടി ചുമതലയേറ്റത്. 1964, 1967 കാലഘട്ടത്തില്‍ രണ്ട് തവണ കോണ്‍ഗ്രസ് അധ്യക്ഷനായി. നെഹ്‌റുവിന്റെ മരണശേഷം ലാല്‍ ബഹദൂര്‍ ശാസ്ത്രിയെയും ശാസ്ത്രിയുടെ മരണ ശേഷം ഇന്ദിരാഗാന്ധിയെയും ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിയത് കാമരാജ് ആയിരുന്നു. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിങ് മേക്കര്‍ എന്ന പേര് കാമരാജിന് നേടിക്കൊടുത്തു. കോണ്‍ഗ്രസ്സ് വിഭജിക്കപ്പെട്ട 1969 വരെ എഐസിസി അംഗമായും കാമരാജ് പ്രവര്‍ത്തിച്ചു.അധികാര രാഷ്ട്രീയം ഉപേക്ഷിച്ച് പാര്‍ട്ടി പ്രവര്‍ത്തനം എന്ന കാമരാജിന്റെ നയം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.
ആറ് കേന്ദ്രമന്ത്രിമാരും, ആറ് സംസ്ഥാന മുഖ്യമന്ത്രിമാരുമാരുന്നു ഇത്തരത്തില്‍ കാമരാജിനെ പിന്തുടര്‍ന്ന് അധികാരം ഉപേക്ഷിച്ച് പുറത്തെത്തിയത്. ബിജു പട്‌നായിക്, മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, എസ്.കെ പാട്ടില്‍, ജഗ്ജീവന്‍ റാം എന്നിവരും ഇത്തരത്തില്‍ രംഗത്തെത്തി. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസിനൊപ്പമായിരുന്നു കാമരാജ് നിലയുറപ്പിച്ചത്. പിന്നീട് ദേശീയ രാഷ്ട്രീയം വിട്ട് തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കുള്ള കാമരാജിന്റെ മടക്കത്തിനും ഇത് കാരണമായി.
എസ് നിജലിംഗപ്പ (1968-69)
അവിഭക്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസാന അധ്യക്ഷനായിരുന്നു എസ് നിജലിംഗപ്പ. പാര്‍ട്ടി പിളര്‍ന്നതോടെ സിന്‍ഡിക്കേറ്റ് വിഭാഗത്തിനൊപ്പം ഉറച്ച് നിന്നു.
ജഗ് ജീവന്‍ റാം (1970-71)
ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന രണ്ടാമത്തെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു ജഗ് ജീവന്‍ റാം. മൊറാര്‍ജി ദേശായി സര്‍ക്കാറില്‍ ഉപ പ്രധാനമന്ത്രിയായിരുന്നു.
ശങ്കര്‍ ദയാല്‍ ശര്‍മ (1970-71)
കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മ രാഷ്ട്രപതിയായും ചുമതല വഹിച്ചിട്ടുണ്ട്. രാഷ്ട്രപതിയായിരിക്കെ മൂന്ന് പ്രധാന മന്ത്രിമാരെ നിയമിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്.
ദേവകാന്ത ബറുവ (1975-77)
നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നെങ്കിലും ഇവരുടെ പാരമ്പര്യത്തെ ശക്തമായി പിന്തുണയ്ച്ച വ്യക്തിയായിരുന്നു ദേവകാന്ത ബറുവ. ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിര എന്നാല്‍ ഇന്ത്യ എന്ന വിശേഷണം പോലും അദ്ദേഹത്തിന്റെതാണ്.
പിവി നരസിംഹറാവു (1992-96)
ഹിന്ദി മേഖലയ്ക്ക് പുറത്തെ പ്രധാനമന്ത്രി എന്ന നിലയില്‍ ശ്രദ്ധേയനായ പി.വി നരസിംഹറാവു 1992-96 വരെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയ പരാജയത്തിന്റെ പേരില്‍ 1998 ല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്തേക്കുള്ള വഴി തുറന്നു.
സീതാറാം കേസരി (1996-98)
നരസിംഹറാവു ദേശീയ അധ്യക്ഷ സ്ഥാനത്ത് പിന്നും ഒഴിഞ്ഞതിന് പിന്നാലെയാണ് സീതാറാം കേസരി കോണ്‍ഗ്രസിനെ നയിക്കാനെത്തുന്നത്. ഇക്കാലയളവില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിരവധി നിലപാടുകളുടെ പേരില്‍ ഏറെ വിമര്‍നങ്ങളും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. എച്ച്.ഡി ദേവഗൗഡ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതായിരുന്നു ഇതില്‍ പ്രധാനം. സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവിയില്‍ എത്തുന്നത് സീതാറാം കേസരിക്ക് പിന്നാലെ ആയിരുന്നു.