X

രാജ്യദ്രോഹക്കേസിലെ ചരിത്രപരമായ ഉത്തരവ്-എഡിറ്റോറിയല്‍

സാമ്രാജ്യത്വകാലത്ത് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ ഭാഗമായി നടപ്പാക്കിത്തുടങ്ങിയ രാജ്യദ്രോഹക്കേസും അതിന്മേല്‍ പൗരന്മാരുടെ നേര്‍ക്കുള്ള ജീവപര്യന്തംവരെയുള്ള ശിക്ഷാനടപടികളും ഈ ആധുനിക സ്വതന്ത്ര ലോകത്തും തുടരേണ്ടതുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങിയിട്ട് നാളേറെയായി. ഇന്ത്യയിലെ പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഉള്‍പെടെ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കവേ, രാജ്യത്തെ ഉന്നത നീതിപീഠം ഇക്കാര്യത്തില്‍ അതിന്റെ ആശങ്കകളും അഭിപ്രായങ്ങളും രാജ്യത്തെ ഭരണകൂടത്തോട് പങ്കുവെക്കുകയുണ്ടായി. 124 എ വകുപ്പനുസരിച്ച് നിയമത്തിന്റെ പുന:പരിശോധന തീരുംവരെ പുതിയ കേസെടുക്കരുതെന്നാണ് സര്‍ക്കാറുകളോട് കോടതി ഇന്നലെ നിര്‍ദേശിച്ചിരിക്കുന്നത്. നിലവിലെ കേസുകളും മാറ്റിവെക്കണമെന്നാണ് നിര്‍ദേശം. ബ്രിട്ടീഷ് സാമ്രാജ്യത്വ കാലത്തുണ്ടാക്കിയ പല നിയമങ്ങളും തുടരുന്നത് ശരിയല്ലെന്ന് മുമ്പൊരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ അഭിപ്രായപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയ ന്യായാധിപന്മാര്‍ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച 124 എ വകുപ്പും തുടരേണ്ടതില്ലെന്ന സൂചനയാണ് ചൊവ്വാഴ്ച നല്‍കിയത്. ഈ കുറ്റം ചുമത്തപ്പെട്ട് അനന്തകാലം തടവില്‍ കഴിയേണ്ടിവരുന്ന പൗരന്മാരുടെ കാര്യത്തില്‍ കോടതി പ്രകടിപ്പിച്ച ആശങ്ക തീര്‍ത്തും ന്യായവും നീതിക്ക് നിരക്കുന്നതും മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്. 800 ലധികം കേസുകളിലായി 13,000 പേരാണ് 124 എ കേസില്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നത്. പുതിയ തീരുമാനം ഇത്തരം ആളുകളുടെയും കുടുംബങ്ങളുടെയും നാടിന്റെയും കാര്യത്തില്‍ തീര്‍ത്തും ആശ്വാസദായകമാണ്. ഉത്തരവ് ചരിത്രപരവും ഇന്ത്യന്‍ ജുഡീഷ്യറിയെയും ജനാധിപത്യത്തെയും കുറിച്ച് വലിയ പ്രതീക്ഷ തരുന്നതുമാണെന്ന് പറയാതെവയ്യ.

124 എ വകുപ്പ് പുന:പരിശോധിക്കാനായി സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്ന ഘട്ടമാണിത്. കേന്ദ്ര സര്‍ക്കാര്‍ അത് ചെയ്യുമെന്ന് പറയുന്നെങ്കിലും ആര്, എപ്പോള്‍ ചെയ്യുമെന്ന് യാതൊരു നിശ്ചയവുമില്ല. അതാണ് ഉത്തരവിന് കാരണവും. ഏതൊരു നിയമവും ഭരണഘടനയുടെ അന്തസത്തക്കും മൗലികാവകാശങ്ങള്‍ക്കും അനുഗുണമായിരിക്കണമെന്ന സിദ്ധാന്തമനുസരിച്ച് പ്രസ്തുത നിയമവും നീതിപീഠത്തിന്റെയും ജനപ്രതിനിധിസഭയുടെയും പരിശോധനകള്‍ക്ക് വിധേയമാകേണ്ടതും അനുയോജ്യമല്ലെങ്കില്‍ തിരസ്‌കരിക്കപ്പെടേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കിക്കേണ്ടതില്ല. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നാണല്ലോ. ഇന്ത്യയിലിപ്പോള്‍ ഭരണകൂടവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സംരക്ഷണവും അവരെ വിമര്‍ശിക്കുന്നവര്‍ക്കുനേരെ രാജ്യത്തെ നിയമങ്ങള്‍ ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നുവെന്ന പരാതികള്‍ക്ക് കയ്യും കണക്കുമില്ല. മാധ്യമങ്ങളും പൗരാവകാശ-മനുഷ്യാവകാശ പ്രവര്‍ത്തകരുമൊക്കെയാണ് ഇതിന്റെ ഇരകളാകുന്നത്. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തി ആരെയും തടങ്കലിലിടുന്ന പ്രവണത വര്‍ധിച്ചുവരുന്നു. ഭരണകൂടങ്ങളുടെയും അതിന്റെ അധികാരികളുടെയും നയങ്ങളെയും ചെയ്തികളെയും വിമര്‍ശിക്കാന്‍ പൗരന് മൗലികാവകാശം അനുവദിക്കപ്പെട്ടിരിക്കെയാണ് രാജ്യത്തിനെതിരായെന്ന കുറ്റം ചുമത്തപ്പെട്ട് മറ്റൊരു നിയമം അതിന്റെ വഴിതടയുന്നത.് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടപ്പെട്ടതുപോലെ മൗലികാവകാശമായ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന് നേര്‍ക്കാണ് ഇത് വലിയ ഭീഷണിയുയര്‍ത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ജയിലില്‍ കിടക്കുന്നവരുടെ കാര്യത്തില്‍ മഹാഭൂരിപക്ഷം കേസുകളിലും കുറ്റം തെളിയിക്കാനാകുന്നില്ല എന്നതുമാത്രമല്ല, ഏറെക്കാലം അവര്‍ക്ക് ജയിലറകളില്‍ കഴിയേണ്ടിയും വരുന്നു.

നിയമപരമായി സ്ഥാപിക്കപ്പെട്ട സര്‍ക്കാരിനെതിരായി പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള പ്രസംഗങ്ങളോ പരാമര്‍ശങ്ങളോ ചെയ്തികളോ ഒക്കെയാണ് രാജ്യദ്രോഹം എന്നതിന്റെ നിര്‍വചനം. ജനാധിപത്യത്തില്‍ പക്ഷേ അത്തരമൊരു നിര്‍വചനത്തിന് അര്‍ഥമൊന്നുമില്ല. സര്‍ക്കാരിനെതിരായ വിമര്‍ശനവുമായി കൂട്ടിക്കുഴക്കുന്നിടത്താണ് പ്രശ്‌നം. കഴിഞ്ഞദിവസം നിയമം തല്‍കാലത്തേക്ക് റദ്ദു ചെയ്യണമെന്ന് കോടതി പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ കേട്ടതായിപോലും ഭാവിച്ചില്ല എന്നത് സര്‍ക്കാരിന്റെ ഈ വിഷയത്തിലെ അവധാനത വ്യക്തമാക്കുന്നു. കുറ്റംചുമത്തപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാമല്ലോ എന്ന ഒഴുക്കന്‍ മറുപടിയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തനല്‍കിയത്. ഇതിന് കോടതി തിരിച്ചടിച്ചത്, ഓരോ വ്യക്തിയോടും കോടതിയെ സമീപിക്കാന്‍ പറയണമോ എന്നാണ്. അതുകൊണ്ടാണ് കോടതിക്ക് ഉടന്‍തന്നെ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെടേണ്ടിവന്നതും. നിയമത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റ് എന്തു തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ നിഗമനത്തിലെത്തേണ്ടതില്ലെന്നും ജസ്റ്റിസ് രമണ പ്രതികരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഒരു വകുപ്പ് റദ്ദാക്കുന്നതില്‍ ഭരണഘടനാപരമായി തെറ്റൊന്നുമില്ല. കോടതികള്‍ക്ക് അതിന് അധികാരമുണ്ടുതാനും. അഡ്വ. കപില്‍സിബല്‍ പറഞ്ഞതുപോലെ ജനാധിപത്യത്തിലെ ഓരോ സംവിധാനവും അവരവരുടെ ജോലി നിര്‍വഹിക്കട്ടെ. മഹാഭൂരിപക്ഷം പേര്‍ക്കും ഹാനികരമായ, സാമ്രാജ്യത്വത്തിന്റെ സംരക്ഷണത്തിനായുള്ള ഒരു നിയമം റദ്ദാകുന്നുവെങ്കില്‍ അതിനെന്തിന് സര്‍ക്കാരിത്ര വേവലാതിപ്പെടണം?

Chandrika Web: