ഐഎസ്ആര്‍ഒയുടെ ‘സ്‌പെയ്‌ഡെക്‌സ്’ സ്പേസ് ഡോക്കിങ് ദൗത്യം വിജയം കണ്ടു. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ഡിസംബര്‍ 30നാണ് പി.എസ്.എല്‍.വി – സി60 റോക്കറ്റ് ഉപയോഗിച്ച് സ്‌പേഡെക്‌സ് പേടകങ്ങള്‍ വിക്ഷേപിച്ചത്. ഇന്ത്യയുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാകും സ്‌പെയ്‌സ് ഡോക്കിങിന്റെ ചരിത്ര വിജയം.
ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുന്‍പ് ഡോക്കിംഗ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങള്‍.
ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഡോക്കിങ് വിജയം കണ്ടതിനു പിന്നാലെ ശാസ്ത്രജ്ഞരുടെ ടീം വിശദമായ ഡാറ്റ വിശകലനം നടത്തുകയാണ്.
രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൗത്യമായിരുന്നു സ്പാഡെക്‌സ്.