സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയം തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.
2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിനേക്കാള്‍ വലിയ നേട്ടമാണിതെന്നും കോലി പറഞ്ഞു. ലോകകപ്പ് നേടുമ്പോള്‍ ഞാന്‍ ടീമിലെ യുവതാരമായിരുന്നു. ആ നേട്ടത്തില്‍ മറ്റ് ടീം അംഗങ്ങള്‍ ഏറെ വികാരഭരിതാവുന്നത് ഞാന്‍ നേരില്‍ക്കണ്ടിട്ടുണ്ട്.
അതുകൊണ്ടുതന്നെ ലോകകപ്പിനെക്കാള്‍ വലിയ നേട്ടമായി ഈ പരമ്പര ജയത്തെ കാണുന്നുവെന്നും മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ കോലി പറഞ്ഞു. ടീമെന്ന നിലയില്‍ ടീം ഇന്ത്യക്ക് ഈ വിജയം വേറിട്ട വ്യക്തിത്വം നല്‍കുമെന്നും കോലി പറഞ്ഞു.
ഇത് ഒരു തുടക്കം മാത്രമാണ്. യുവതാരങ്ങള്‍ ഏറെയുള്ള ഈ ടീമില്‍ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാം. പ്രതിഭാധനരടങ്ങിയ ഈ ടീമിനെ നയിക്കാനായതില്‍ എനിക്ക് അഭിമാനമുണ്ട്. ടീമെന്ന നിലയില്‍ ഞങ്ങള്‍ സ്വയം വിശ്വസിച്ചിരുന്നു. 12 മാസമായി തങ്ങള്‍ ഉണ്ടാക്കിയെടുത്തത് അത്തരമൊരു ടീമിനെയാണെന്നും കോലി പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരുപാട് ദൂരം മുന്നോട്ട് നയിക്കാന്‍ കഴിവുള്ളവരുടേതാണ് ഈ ടീം. ഈ ടീമിനെ ഓര്‍ത്ത് തനിക്ക് അഭിമാനമുണ്ടെന്നും കോലി പറഞ്ഞു. വിജയത്തില്‍ ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍ എന്നിവരെ പ്രത്യേകം പരാമര്‍ശിക്കാനും കോലി മറന്നില്ല.
ബൗളര്‍മാരുടെ കരുത്തില്‍ വിശ്വാസമുണ്ടായിരുന്നെന്ന് പറഞ്ഞ കോലി ഇത് അടിത്തറയാണെന്നും തങ്ങളുടെ ലക്ഷ്യം നല്ലതായിരുന്നു, അതു കൊണ്ട് തന്നെ ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു കൊണ്ടു പോകാനായെന്നും കൂട്ടിച്ചേര്‍ത്തു. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ജയിച്ച് ഓസീസ് തിരിച്ചടിച്ചു. മൂന്നാം ടെസ്റ്റില്‍ ജയവുമായി പരമ്പരയില്‍ മുന്നിലെത്തിയ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി. ജയത്തോടൊപ്പം കോലിക്ക് അഭിമാനിക്കാന്‍ ചില നേട്ടങ്ങളും സ്വന്തമായി.
മുന്‍പ് 11 തവണ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തി. ഇതില്‍ ഒമ്പതിലും ഓസീസിനായിരുന്നു വിജയം. രണ്ട് പരമ്പരകള്‍ സമനിലയില്‍ അവസാനിച്ചു. 197798ല്‍ ബിഷന്‍ സിങ് ബേദിയുടെയും 2003ല്‍ സൗരവ് ഗാംഗുലിയുടെയും നേതൃത്വത്തില്‍ പോയ ടീമാണ് സമനില പിടിച്ചത്.
വിജയത്തോടെ ഓവര്‍സീസില്‍ 12 വിജയങ്ങളായി കോലിയുടെ പേരില്‍. ഏറ്റവും കൂടുതല്‍ ഓവര്‍സീസ് വിജയങ്ങളെന്ന പേരും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെയാണ് കോലി പിന്തള്ളിയത്. ഓസ്‌ട്രേലിയയില്‍ കോലിക്ക്് മൂന്ന് ടെസ്റ്റ് വിജയങ്ങളായി.
ഇത്രയും വിജയങ്ങള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ഏഷ്യന്‍ ക്യാപ്റ്റനാണ് കോലി. ബിഷന്‍ സിങ് ബേദി, മുഷ്താഖ് മുഹമ്മദ് (പാക്കിസ്ഥാന്‍) എന്നിവരാണ് മറ്റു ക്യാപറ്റന്‍മാര്‍. മുന്‍ താരങ്ങളും, രാഷ്ട്രീയക്കാരും ഉള്‍പ്പെടെയുള്ളവര്‍ കോലിപ്പടയെ അഭിനന്ദനം കൊണ്ട് മൂടുകയാണിപ്പോള്‍