കൊച്ചി: ഒന്നര വര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വൈപ്പിന്‍ എടവനക്കാട് വാച്ചാക്കല്‍ പടിഞ്ഞാറ് ഭാഗത്ത് അറക്കപ്പറമ്പില്‍ വീട്ടില്‍ സജീവ് (48) നെയാണ് ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ഓഗസ്റ്റിലാണ് സജീവിന്റെ ഭാര്യ രമ്യയെ കാണാതാകുന്നത്. 2022 ഫെബ്രുവരിയില്‍ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഞാറക്കല്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിനിടെ സജീവന്‍ പലപ്പോഴായി നല്‍കിയ മൊഴിയില്‍ വൈരുധ്യമുള്ളതായി മനസിലാക്കിയ പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയെങ്കിലും കേസ് അന്വേഷണത്തില്‍ കാര്യമായ താല്‍പര്യം ഇയാള്‍ കാണിക്കാത്തതും പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു. തെളിവുകള്‍ സമാഹരിച്ച ശേഷമായിരുന്നു അറസ്റ്റ് നടപടികള്‍.
രമ്യയുടെ ഫോണ്‍ വിളികളും മറ്റും മൂലമുള്ള തര്‍ക്കത്തെ തുടര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേര്‍ന്ന് കുഴിച്ചിട്ടു. ഇതേ വീട്ടില്‍ തന്നെയാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി ഇയാള്‍ താമസിച്ചിരുന്നതും. പൊലീസ് നടത്തിയ പരിശോധനയില്‍ വീടിന്റെ സിറ്റൗട്ടിനു സമീപത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. സജീവന്റെ ഭാര്യയെ കാണാതായി എന്നാണ് അയല്‍വാസികള്‍ ഉള്‍പ്പടെയുള്ളവര്‍ വിശ്വസിച്ചിരുന്നത്. ആര്‍ക്കും ഒരു സംശയവും തോന്നാത്ത രീതിയിലാണ് സജീവന്‍ പെരുമാറിയിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു.
ഭാര്യ മറ്റൊരാളുടെ ഒപ്പം പോയെന്ന് ബന്ധുക്കളേയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുനമ്പം ഡി.വൈ.എസ്.പി എം.കെ മുരളി, ഇന്‍സ്‌പെക്ടര്‍മാരായ രാജന്‍ കെ അരമന, എ.എല്‍.യേശുദാസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ മാഹിന്‍ സലിം, വന്ദന കൃഷ്ണന്‍, വി.എം ഡോളി, എഎസ്‌ഐമാരായ ദേവരാജ്, ഷാഹിര്‍. സിപിഒമാരായ ഗിരിജാവല്ലഭന്‍, സ്വരാഭ്, സിമില്‍, പ്രീജന്‍. ലിബിഷ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍. കൊലപാതകം. തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.