ഇടുക്കിയിലെ ബിബിന്റെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍. പള്ളിക്കുന്നിനടുത്ത് വുഡ് ലാന്‍ഡ്സ് എസ്റ്റേറ്റിലെ ബിബിന്‍ ബാബുവിന്റെ മരണത്തില്‍ ബന്ധുക്കള്‍ അറസ്റ്റിലായി. ബിബിന്‍ ബാബുവിന്റെ അമ്മ, സഹോദരന്‍, സഹോദരി എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറഞ്ഞാണ് ബിബിന്റെ മൃതദേഹം ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ബിബിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിബിന്റെ അമ്മയുള്‍പ്പടെയുള്ളവര്‍ കുറ്റം സമ്മതിച്ചു.
സംഭവ ദിവസം ബിബിന്റെ സഹോദരിയുടെ മകളുടെ പിറന്നാളാഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ മദ്യപിച്ചെത്തിയ ബിബിനും അമ്മയുമായി തര്‍ക്കമുണ്ടായി. സഹോദരിയുടെ ആണ്‍സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടില്‍ വരുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ബിബിന്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ അടുത്തുണ്ടായിരുന്ന ഫ്ളാസ്‌ക് എടുത്ത് സഹോദരി ബിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സഹോദരന്റെ ചവിട്ടേറ്റ് ബിബിന്റെ ജനനേന്ദ്രിയം തകരുകയും ചെയ്തു. അനക്കമില്ലാതായതോടെയാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ കൊലപാതകം ആദ്യം വിസമ്മതിച്ചുവെങ്കിലും തെളിവുകള്‍ നിരത്തിയുള്ള വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ ബിബിന്റെ സഹോദരന്‍ വിനോദ്, അമ്മ പ്രേമ, സഹോദരി ബിനീത എന്നിവരെ അറസ്റ്റ് ചയ്തു. മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.