കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയായി ഷേഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബയെ നിയമിച്ചു. അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്. പുതിയ മന്ത്രിസഭ രൂപീകരണത്തിനും അമീര്‍ ഉത്തരവിറക്കി.
തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള 16 അംഗ മന്ത്രിസഭ രാജി സമര്‍പ്പിച്ചത്. തുടര്‍ന്ന് കാവല്‍ മന്ത്രിയായി അധികാരത്തില്‍ തുടരുന്നതിന് അമീര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ക്യാബിനറ്റ് കാര്യ മന്ത്രിയും മുതിര്‍ന്ന ഭരണ കുടുംബാംഗവുമായ രാജകുമാരന്‍ ഷേഖ് മുഹമ്മദ് അബ്ദുള്ള അല്‍ സബയുടെ കൃത്യനിര്‍വ്വഹണത്തില്‍ അപാകതകള്‍ ചൂണ്ടിക്കാണിച്ച് 10 മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങള്‍ ചേര്‍ന്ന് സമര്‍പ്പിച്ച പരസ്യമായ കുറ്റവിചാരണ നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ രാജകുടുംബത്തെ പരസ്യവിചാരണയ്ക്ക് വിധേയമാക്കുന്നത് ഒഴിവാക്കുന്നതിനായാണ് മന്ത്രിസഭ രാജിവെച്ചത്.
പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഇതിനകം പലതവണ എണ്ണവകുപ്പ് മന്ത്രിക്കെതിരെയും തൊഴില്‍ സാമൂഹ്യ മന്ത്രിക്കെതിരെയും കുറ്റവിചാരണ നോട്ടീസ് നല്‍കിയിരുന്നു.