X
    Categories: MoreViews

ഹിരോഷിമയുടെ കറുത്ത ദിനങ്ങളെ ലോകം അനുസ്മരിച്ചു

 

ടോക്കിയോ: ജപ്പാനിലെ ഹിരോഷിമയില്‍ ഒന്നരലക്ഷത്തോളം പേരെ നിമിഷനേരം കൊണ്ട് ചുട്ടുകൊന്ന അമേരിക്കന്‍ ആണവാക്രമണത്തിന്റെ കറുത്ത ദിനങ്ങളെ ലോകം ഒരിക്കല്‍ കൂടി അനുസ്മരിച്ചു. 1945 ആഗസ്റ്റ് ആറിന് രാവിലെ 8.15നാണ് ഹിരോഷിമയില്‍ അണുബോംബ് വീണത്.
രണ്ടാം ലോകമഹായുദ്ധത്തില്‍ കീഴടങ്ങാന്‍ കൂട്ടാക്കാത്ത ജപ്പാനെ തകര്‍ക്കാന്‍ അമേരിക്ക കണ്ടെത്തിയ ആയുധമായിരുന്നു ചെറിയ കുട്ടി എന്ന് പേരിട്ട അണുബോംബ്. കൂണ്‍ ആകൃതിയില്‍ പര്‍വതസമാനമായി ഉയര്‍ന്നുപൊങ്ങിയ തീജ്വാലയിലും പൊടിപടലത്തിലും ഒന്നര ലക്ഷത്തോളം പേരാണ് മരിച്ചത്. അര ലക്ഷത്തോളം പേര്‍ക്ക് ആണവവികിരണമേറ്റ് ഗുരുതരമായി പരിക്കേറ്റു. അന്ന് രക്ഷപ്പെട്ടവരും അവരുടെ പിന്‍മുറക്കാരുമായ നാലു ലക്ഷത്തിലധികം പേര്‍ അര്‍ബുദം പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ച് പിന്നീട് മരിച്ചു. ഇന്നും നിരവധി പേര്‍ ആണവ വികിരണത്തിന്റെ ബലിയാടുകളായി നരകിച്ചുമരിച്ചുകൊണ്ടിരിക്കുന്നു. ജന്മവൈകല്യത്തെ തുടര്‍ന്ന് നരകിക്കുന്ന ആയിരങ്ങള്‍ വേറെയും. അമേരിക്കയുടെ രക്തദാഹം ഹിരോഷിമയിലും അവസാനിച്ചില്ല. ആഗസ്റ്റ് ഒമ്പതിന് രാവിലെ 10,55ന് നാഗസാക്കിയിലും അമേരിക്ക അണുബോംബിട്ടു. തടിച്ച മനുഷ്യന്‍ എന്ന് പേരിട്ട ആ ബോംബ് പൊട്ടി നാലരമൈല്‍ ചുറ്റവളവിലുള്ള സകലതും ചുട്ടെരിക്കപ്പെട്ടു. 70,000 പേരാണ് നാഗസാക്കിയില്‍ മരിച്ചത്. അതിനുശേഷം ജപ്പാന്‍ കീഴടങ്ങുകയും ചെയ്തു. നിരപരധികളായ ലക്ഷക്കണക്കിന് ആളുകളെ ചുട്ടെരിച്ച് യുദ്ധം ജയിക്കാന്‍ അമേരിക്ക നടത്തിയ ശ്രമം ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്നതായിരുന്നു. തുല്യതയില്ലാത്ത യാതനകളാണ് അമേരിക്ക ജപ്പാനില്‍ വിതച്ചത്.

chandrika: