വർഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ ഒരു ദിവസം ശരാശരി ഒന്നില്‍ കൂടുതല്‍ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഹിന്ദുത്വ വാച്ചിന്റെതാണ് റിപ്പോർട്ട്.നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളിലാണ് ഇത് കൂടുതലെന്നും ഹിന്ദുത്വ വാച്ച് റിപ്പോര്‍ട്ട് പറയുന്നു. .മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മുന്നില്‍. 29 ശതമാനവും മഹാരാഷ്ട്രയിലാണ്. മുസ്ലിംകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിനും സാമൂഹിക-സാമ്പത്തിക ബഹിഷ്‌കരണത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളാണ് ഇതില്‍ കൂടുതലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
80 ശതമാനം വിദ്വേഷ പ്രസംഗങ്ങളും ബിജെപി ഭരിക്കുന്നയിടങ്ങളിലാണെന്നും ഹിന്ദുത്വവാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 ന് ശേഷം വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വര്‍ഷം നടന്ന പകുതിയിലധികം സംഭവങ്ങളിലും ബിജെപിക്കോ ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, സകല ഹിന്ദു സമാജ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കോ പങ്കുണ്ടെന്നും ഹിന്ദുത്വ വാച്ച് വ്യക്തമാക്കുന്നു. സംഘടനകളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകള്‍, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ എന്നിവ കൂടി ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിക്കുന്നത്.