ബെംഗളുരു: കാശിയിലെ ഗ്യാന്‍വ്യാപി മസ്ജിദ് പിടിച്ചെടുക്കാനുള്ള ശ്രമത്തിന് പിന്നാലെ സമാന നീക്കവുമായി കര്‍ണാടകയിലും ഹിന്ദുത്വര്‍ രംഗത്ത്. ശ്രീരംഗ പട്ടണത്തെ ടിപ്പു മസ്ജിദിനെതിരെയാണ് നരേന്ദ്ര മോദി വിചാര്‍ മഞ്ച് എന്ന സംഘടന രംഗത്തെത്തിയത്.
പള്ളിയില്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥന നടത്താന്‍ അനുമതി തേടി ഇവര്‍ മാണ്ഡ്യ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. ഹനുമാന്‍ ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് മസ്ജിദ് നിര്‍മിച്ചതെന്നാണ് സംഘടനയുടെ വാദം. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. മസ്ജിദ് ഇഅല എന്നറിയപ്പെടുന്ന ജാമിയ മസ്ജിദില്‍ ഹിന്ദുക്കളെ പൂജ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ച് സംസ്ഥാന സെക്രട്ടറി സി.ടി മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം മാണ്ഡ്യ ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ക്കു നിവേദനം നല്‍കി.
‘ഹനുമാന്‍ ക്ഷേത്രവും മസ്ജിദും ഉണ്ടെന്ന് വ്യക്തമാക്കി ടിപ്പു പേര്‍ഷ്യയിലെ ഭരണാധികാരിക്ക് എഴുതിയതിന്റെ രേഖാപരമായ തെളിവുകളും അവിടുത്തെ തൂണിലും ഭിത്തിയിലുമുള്ള ഹൈന്ദവ ലിഖിതങ്ങളും ഞങ്ങളുടെ നിലപാടിനെ ശരിവയ്ക്കുന്നു. പ്രാര്‍ത്ഥന നടത്താന്‍ പള്ളിയുടെ വാതിലുകള്‍ തുറക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു- മഞ്ജുനാഥ് പ്രതികരിച്ചു.
ശ്രീരംഗപട്ടണം കോട്ടയ്ക്കകത്താണ് ജാമിഅ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇത് വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് നിര്‍മിച്ചതും ടിപ്പു സുല്‍ത്താന്‍ ഏറ്റെടുത്തതുമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തന്റെ കൊട്ടാരത്തോട് ചേര്‍ന്നാണ് അദ്ദേഹം മസ്ജിദ് നിര്‍മിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) പരിപാലിക്കുന്ന പൈതൃക സ്ഥലമാണ് 1782ല്‍ നിര്‍മിച്ച ഈ പള്ളി. കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേറിയതിന് ശേഷം തുടങ്ങിയ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ടിപ്പു മസ്ജിദിനെതിരായ നീക്കം. ഹലാല്‍, ബാങ്ക് വിളി, ഹിജാബ് വിരുദ്ധ നീക്കങ്ങള്‍ക്ക് ശേഷം മദ്രറസകളെയും പള്ളികളെയുമാണ് ഹിന്ദുത്വര്‍ ഉന്നമിട്ടിരിക്കുന്നത്. മദ്രറസകള്‍ നിരോധിക്കണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്ക് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.