ലഖ്നോ: ഉത്തർപ്രദേശിൽ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി ഹരേ കൃഷ്ണ ഹരേ റാം വിളിച്ചെത്തിയ ജനക്കൂട്ടം. ലഖ്‌നോവിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്ത റോമൻ കത്തോലിക്കാ പള്ളിക്ക് പുറത്താണ് ഹരേ കൃഷ്ണ ഹരേ റാം ജനക്കൂട്ടം തടിച്ചുകൂടിയത്. ക്രിസ്ത്യൻ പ്രാർത്ഥനകൾ തടസ്സപ്പെടുത്താനായി ഇവർ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി.
ചരിത്രപ്രസിദ്ധമായ ഹസ്രത്ത് ഗഞ്ച് കത്തീഡ്രലിന് സമീപം ഡിസംബർ 25ന് നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “ഞങ്ങൾ സനാതനന്മാരാണ്, ഞങ്ങൾ ക്രിസ്മസ് ആശംസിക്കില്ല, ‘ഹരേ കൃഷ്ണ ഹരേ റാം’ എന്ന് പറഞ്ഞ് ചെറുപ്പക്കാരും പെൺകുട്ടികളും മുതിർന്നവരും അടങ്ങുന്ന ഹിന്ദുത്വ സംഘം ഉച്ചത്തിൽ നിലവിളിക്കുകയും കൈകൊട്ടുകയും ചെയ്യുന്നതാണ് വിഡിയോയിൽ കാണാം.
ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലുടനീളം നിരവധി ക്രിസ്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളും ആക്രമണങ്ങളുടെ റിപ്പോർട്ടുകളും ഉയർന്നുവന്നിട്ടുണ്ട്. ക്രിസ്ത്യൻ സമ്മേളനങ്ങൾ തടസ്സപ്പെടുത്തൽ, സ്കൂളുകളിലെ ക്രിസ്മസ് ചടങ്ങുകൾ തടയാൻ ശ്രമിക്കുക സാന്താക്ലോസ് വസ്ത്രങ്ങൾ ധരിച്ചതിന് ആളുകളെ ഉപദ്രവിക്കുക. എന്നിങ്ങനെയുള്ള നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.