X
    Categories: indiaNews

ഹിമാചലില്‍ ബി.ജെ.പിക്ക് ഹിന്ദുത്വ കാര്‍ഡ് തന്നെ; തുടര്‍ ഭരണമെങ്കില്‍ ഏക സിവില്‍ കോഡ്

ഷിംല: ഹിമാചല്‍പ്രദേശില്‍ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാണിക്കാനില്ലാതെ ബി.ജെ. പിയുടെ പ്രചാരണം. വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നു പ്രകടനപത്രികയില്‍ ബി.ജെ. പി വാഗ്ദാനം. അടുത്തമാസം തിരഞ്ഞെടുപ്പിന് നടക്കുന്ന ഗുജറാത്തിലും സമാനമായ വാഗ്ദാനം ബി.ജെ.പി നല്‍കിയിരുന്നു. ഹിന്ദുവോട്ടുകള്‍ ലഭിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രം മാത്രമാണ് ഇതെന്നും ഏകീകൃത സിവില്‍കോഡ് കേന്ദ്ര പരിധിയിലുള്ളതാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചു.

ഏകീകൃത സിവില്‍ കോഡിന്റെ കാര്യത്തില്‍ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ വേണ്ടതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തില്‍ ഏക വ്യക്തിനിയമം നടപ്പാക്കാനായി, വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി സമിതി രൂപീകരിക്കാന്‍ ബി.ജെ.പി തീരുമാനമെടുത്തത് വിവാദമായിരുന്നു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കു സ്വീകാര്യതയുണ്ടാക്കിയ സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിനു സമാനമായതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായി ഹിമാചലില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രഖ്യാപനം.

പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കല്‍, സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ, 680 കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ട്, ഒരു ലക്ഷം സര്‍ക്കാര്‍ ജോലി, യുവാക്കള്‍ക്ക് 5 ലക്ഷം തൊഴില്‍ തുടങ്ങി നേരത്തേ പ്രഖ്യാപിച്ച 10 വാഗ്ദാനങ്ങളും ഇതില്‍പെടുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലും 4 വീതം ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍, മൊബൈല്‍ ചികിത്സാ ക്ലിനിക്കുകള്‍, ഫാം ഉടമകള്‍ക്ക് ഉല്‍പന്നങ്ങളുടെ വിലനിര്‍ണയാധികാരം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

ഓരോ തിരഞ്ഞെടുപ്പിലും ഭരണം മാറ്റുന്നതാണ് ഹിമാചലിലെ രീതി. ഇത്തവണ ഭരണം മാറുമെന്ന ആശങ്കയിലാണ് വീണ്ടും ഹിന്ദുത്വ കാര്‍ഡുമായി ബി.ജെ.പി കളത്തിലിറങ്ങിയത്. അടിക്കടി മരുന്നു മാറ്റുന്നത് ചികിത്സയ്ക്കു ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ആര്‍ക്കും പ്രയോജനവുമുണ്ടാകില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഹിമാചലില്‍ തുടര്‍ഭരണത്തിലേറുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണെന്നു മോദി വ്യക്തമാക്കിയിരുന്നു.

Test User: