X

ആയുധമെടുക്കാന്‍ ഹിന്ദുത്വരുടെ ആഹ്വാനം; ഡല്‍ഹിയില്‍ വീണ്ടും കലാപത്തിന് നീക്കം

ന്യൂഡല്‍ഹി: രാജ്യത്തെ ഹിന്ദുക്കളോട് ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത് ഡല്‍ഹിയിലെ ബുറാരി മൈതാനിയില്‍ ഹിന്ദു മഹാപഞ്ചായത്ത്. ഹരിദ്വാര്‍ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗാസിയാബാദ് ദസ്‌ന ദേവി ക്ഷേത്രത്തിലെ മുഖ്യ പൂജാരി യതി നര്‍സിംഗാനന്ദിന്റെ നേതൃത്വത്തിലാണ് വിവാദ ഹിന്ദു മഹാപഞ്ചായത്ത് നടന്നത്.

അതേസമയം അനുമതിയില്ലാതെയാണ് സമ്മേളനം സംഘടിപ്പിച്ചതെന്ന നിലപാടുമായി ഡല്‍ഹി പൊലീസ് രംഗത്തെത്തി. 200ഓളം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സേവ് ഇന്ത്യാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ പ്രീത് സിങ് ആണ് പരിപാടിയുടെ മുഖ്യ സംഘാടകന്‍. കഴിഞ്ഞ വര്‍ഷം ജന്തര്‍മന്ദറില്‍ മുസ്്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി വിവാദ സമ്മേളനം നടത്തിയും ഇതേ സംഘം തന്നെയായിരുന്നു.

കേസില്‍ അറസ്റ്റിലായ പ്രീത് സിങ് നിലവില്‍ ജാമ്യത്തിലാണ്. ഹരിദ്വാര്‍ കേസില്‍ അറസ്റ്റിലായ യതി നര്‍സിംഗാനന്ദും ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മുസ്്‌ലിം വിരുദ്ധ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യക്ക് ഒരു മുസ്്‌ലിം പ്രധാനമന്ത്രിയെ ലഭിച്ചാല്‍ രാജ്യത്തെ 40 ശതമാനം ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടേക്കും. ഇതാണ് ഹിന്ദുക്കളുടെ ഭാവി. ഇതിന് മാറ്റം വരണമെങ്കില്‍, ഒരാള്‍ എങ്ങനെയായിരിക്കണം, അയാളുടെ കൈകളില്‍ ആയുധം വേണം,- യതി നര്‍സിംഗാനന്ദ് പറഞ്ഞു.

സമ്മേളനത്തിന് പെര്‍മിഷന്‍ തേടിയിരുന്നില്ലെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. അതേസമയം ജനുവരി നാലിനു തന്നെ പരിപാടിയുടെ പ്രചാരണാര്‍ത്ഥം പ്രീത് സിങ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടിരുന്നു. സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടുണ്ട്.

Test User: