യു.പിയില്‍ വീണ്ടും ഹിന്ദുത്വവാദികളുടെ ക്രൂരത. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയായ മാതാവിന് വെള്ളമെടുക്കാന്‍ പുറത്തിറങ്ങിയ യുവാവിന് ഹിന്ദുത്വവാദികളുടെ ക്രൂരമര്‍ദനം. യു.പിയിലെ അലിഗഢിലാണ് സംഭവം. സുബൈര്‍ എന്ന യുവാവിനാണ് മര്‍ദനമേറ്റത്.
മര്‍ദന ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതോടെ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രവി, കിഷന്‍ എന്നിവരടക്കം 4 പേര്‍ ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയുടെ ടെറസിലെത്തിച്ച് മര്‍ദിച്ചത്.
അമ്മ നമ്രീന്റെ കുടല്‍ ശസ്ത്രക്രിയയ്ക്കായി അലിഗഢിലെ മല്‍ഖാന്‍ സിങ് ഹോസ്പിറ്റലില്‍ എത്തിയതായിരുന്നു സുബൈര്‍. അഡ്മിറ്റായ നമ്രീന്‍ കുടിക്കാനായി കുറച്ച് വെള്ളം കൊണ്ടുവരാന്‍ മകനോട് ആവശ്യപ്പെട്ടു. സുബൈര്‍ വെള്ളമെടുത്ത് തിരികെ വരുമ്പോള്‍ രവിയും കിഷനും മറ്റ് രണ്ട് പേരും ചേര്‍ന്ന് തടഞ്ഞു.
തുടര്‍ന്ന് പേര് ചോദിച്ചറിഞ്ഞ ശേഷം, ആശുപത്രിയുടെ ടെറസിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. തന്നെ വിട്ടയക്കണമെന്ന് സുബൈര്‍ അക്രമികളോട് കേണപേക്ഷിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഭയംമൂലം സംഭവത്തെക്കുറിച്ച് സുബൈര്‍ ആരോടും പറഞ്ഞില്ല. എന്നാല്‍ അക്രമികള്‍ തന്നെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
വീഡിയോ വൈറലായതോടെ ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 115, 353 (2) എന്നിവ പ്രകാരം നാല് പേര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. യു.പിയില്‍ തന്നെ കഴിഞ്ഞദിവസം ഒരു മുസ്ലിം യുവാവിനെ ഹിന്ദുത്വവാദികള്‍ മര്‍ദിച്ചുകൊന്നിരുന്നു. ഗംഗ ആര്യനഗറിലെ ജലാലാബാദില്‍ ജോലികള്‍ക്കായി എത്തിയ ഫിറോസ് ഖുറേഷിയാണ് കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു പിങ്കി, പങ്കജ് രാജേന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഖുറേഷിയെ തടഞ്ഞുവച്ച് മര്‍ദിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഖുറേഷിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ കൊലയാളികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ആസൂത്രിതമായ കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
ജൂണ്‍ 19ന് യു.പിയില്‍ മറ്റൊരു മുസ്ലിം യുവാവിനെയും മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. അലിഗഡിലെ മാമാ ഭഞ്ജ പ്രദേശത്തായിരുന്നു സംഭവം. ഔറംഗസേബ് എന്ന മുഹമ്മദ് ഫരീദിനെയാണ് മുകേഷ് മിത്തല്‍ എന്നയാളുടെ വീട്ടില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫരീദ് മരണത്തിന് കീഴടങ്ങുകയായിരുന്നു.