മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പള്ളി തകര്‍ത്തു. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘമാണ് കോലാപൂരിലെ ഗജാപൂര്‍ ഗ്രാമത്തിലെ മസ്ജിദ് ആക്രമിച്ചത്. സംഘം പള്ളി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാവി ഷാള്‍ ധരിച്ചെത്തിയ സംഘം പള്ളിക്ക് മുകളില്‍ കയറി ആയുധങ്ങള്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
കോടാലിയും ചുറ്റികയും ഉപയോഗിച്ച് സംഘം പള്ളിയുടെ താഴികക്കുടങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് കേടായ ജനാലകളും ഖുര്‍ആനിന്റെ കത്തിച്ച പേജുകളും കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടക്കുമ്പോള്‍ പള്ളിയില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
പള്ളി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരണവുമായി രംഗത്തെത്തി. ഡിസംബര്‍ ആറ് രാജ്യത്ത് വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡയെയും ദേവേന്ദ്ര ഫഡ്നാവിസിനെയും ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
‘നിങ്ങളുടെ ഗവണ്‍മെന്റിന് കീഴില്‍ ഒരു മസ്ജിദ് ജനക്കൂട്ടത്താല്‍ ആക്രമിക്കപ്പെടുന്നു. പക്ഷേ നിങ്ങളുടെ സര്‍ക്കാരിന് ആശങ്കയില്ല. ഇത്തരം ആക്രമികള്‍ക്ക് പിന്തുണ നല്‍കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കുമുള്ള മറുപടി മഹാരാഷട്രയിലെ ജനങ്ങള്‍ ബാലറ്റ് പേപ്പറിലൂടെ നല്‍കും,’ ഉവൈസി എക്സില്‍ കുറിച്ചു.