മുംബൈയില്‍ ഷിംഗ ഉത്സവത്തിനിടെ രത്‌നഗിരി പള്ളിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച് ഹിന്ദുത്വവാദികള്‍- വിഡിയോ

മുംബൈയില്‍  ഹോളി ആഘോഷിക്കുന്നതിന് മുമ്പേ രത്‌നഗിരിയിലെ പള്ളിയിലേക്ക് ഒരു കൂട്ടം ഹിന്ദുത്വവാദികള്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. രത്‌നഗിരി പള്ളിയുടെ കവാടത്തിനടുത്തുനിന്നും ബലം പ്രയോഗിച്ച് ആളുകള്‍ ഉള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

രത്‌നഗിരിയില്‍ ഷിംഗ ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം. മാര്‍ച്ച് 12നായിരുന്നു പ്രദേശത്ത് ഷിംഗ ഉത്സവം നടന്നത്. ഇതിനിടെ അക്രമാസക്തരായ ജനക്കൂട്ടം പള്ളിയുടെ കവാടത്തിനടുത്ത് ഒരു വലിയ തടിക്കഷണമെടുത്തെത്തുകയും ബലം പ്രയോഗിച്ച് അകത്ത് കടക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

ഇന്നലെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സംഭവ സമയത്ത് പള്ളിയിലെ അധികൃതര്‍ ചേര്‍ന്ന് ഗേറ്റ് അടച്ചിട്ടിരുന്നു. അതിനാല്‍ വലിയ രീതിയിലുള്ള സംഘര്‍ഷം ഒഴിവാകുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം ചെറിയ തോതിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പള്ളിയില്‍ അതിക്രമിച്ച് കടക്കാന്‍ ആളുകള്‍ ശ്രമിക്കുമ്പോള്‍ സമീപത്തുള്ള പൊലീസുകാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്.

നേരത്തെ ഹോളിയും റമദാനുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേതാക്കന്മാരും പൊലീസുദ്യോഗസ്ഥരുമടക്കം വിവാദ പരാമര്‍ശങ്ങളുന്നയിച്ചിരുന്നു. ഇതിന്റെ ബാക്കി പത്രമാണ് മഹാരാഷ്ട്രയിലും ആവര്‍ത്തിക്കുന്നതെന്നും വിമര്‍ശനമുണ്ട്.

ഹോളി ആഘോഷങ്ങളില്‍ അസ്വസ്ഥത തോന്നുന്നവര്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് സാംഭാലിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ഹോളി ആഘോഷം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ നടക്കൂ, അതേസമയം ജുമാ നമസ്‌കാരം വര്‍ഷത്തില്‍ 52 തവണയാണ് നടക്കുന്നതെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ പരാമര്‍ശം. സംഭാല്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പരാമര്‍ശത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്തുണക്കുകയും ചെയ്തിരുന്നു.

webdesk13:
whatsapp
line