X

നമസ്‌കാരസ്ഥലം കൈയ്യേറി ഹിന്ദുത്വവാദികള്‍;ഗുരുഗ്രാമില്‍ വീണ്ടും ജുമുഅ മുടക്കി

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ വീണ്ടും ജുമുഅ നമസ്‌കാരം തടസപ്പെടുത്തി ഹിന്ദു സംഘടനകള്‍. 12എ സെക്ടറിലാണ് വിവിധ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി നമസ്‌കാരസ്ഥലം കൈയ്യേറിയത്. സ്ഥലത്ത് വോളിബോള്‍ കോര്‍ട്ട് നിര്‍മിക്കുമെന്നും ഇവര്‍ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം തടയാന്‍ ലക്ഷ്യമിട്ട് രാവിലെ തന്നെ നിരവധി പേര്‍ ഇവിടെ സംഘടിച്ചിരുന്നു. സ്ഥലത്ത് നമസ്‌കാരം അനുവദിക്കില്ലെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രാര്‍ത്ഥന നടത്തില്ലെന്ന് മുസ്‌ലിം സംഘടനകള്‍ അറിയിച്ചു. എങ്കിലും പ്രദേശത്തുനിന്ന് പിന്‍മാറാന്‍ സംഘം തയ്യാറായില്ല.

ഗുരുഗ്രാം സെക്ടര്‍ 12ല്‍ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നടന്നിരുന്ന സ്ഥലത്ത് കഴിഞ്ഞയാഴ്ച സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ പൂജ നടന്നിരുന്നു. ഇവിടെ ചാണകം നിരത്തുകയും ചെയ്തു. പൊലീസ് സംരക്ഷണത്തില്‍ ഇവിടെ നടന്നിരുന്ന ജുമുഅ നമസ്‌കാരം പ്രദേശവാസികളുടെയും ഹിന്ദുത്വ സംഘടനകളുടെയും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ആഴ്ചകളായി തടസപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ജുമുഅ നമസ്‌കാരം തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ ഹിന്ദുത്വവാദികളും പൂജയില്‍ പങ്കെടുത്തു. ഡല്‍ഹി വംശീയാതിക്രമത്തിന് മുമ്പ് കൊലവിളി പ്രസംഗം നടത്തിയ ബി. ജെ.പി നേതാവ് കപില്‍ മിശ്രയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

2018 ല്‍ ഹിന്ദു നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു 37 സ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. ഇതില്‍ ചിലയിടങ്ങള്‍ മാത്രമാണ് പൊതുസ്ഥലങ്ങളായുള്ളത്. ബാക്കിയുള്ളതെല്ലാം സ്വകാര്യ ഉടമസ്ഥതയിലുള്ളവയായിരുന്നു. എന്നാല്‍, ഇവിടങ്ങളില്‍ ജുമുഅ നമസ്‌കാരം അനുവദിക്കില്ലെന്ന ഭീഷണിയുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. ഇതോടെ കഴിഞ്ഞയാഴ്ച എട്ടിടത്ത് നമസ്‌കാരത്തിന് നല്‍കിയിരുന്ന അനുമതി ജില്ലാ ഭരണകൂടം റദ്ദാക്കി. ബാക്കി സ്ഥലങ്ങളില്‍കൂടി എതിര്‍പ്പ് ഉയര്‍ന്നാല്‍ അവിടെയും നമസ്‌കാരത്തിനു നല്‍കിയ അനുമതി റദ്ദാക്കുമെന്നാണ് അധികൃതരുടെ നിലപാട്.

 

 

Test User: