മുംബൈ: ഹിന്ദുത്വ വലതുപക്ഷ സംഘടനാ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് മഹാരാഷ്ട്ര ഭീകരതാവിരുദ്ധ സംഘം (എ.ടി.എസ്) വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. ‘ഹിന്ദു ഗോവംശ് രക്ഷാ സമിതി’ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ വൈഭവ് റൗട്ടിന്റെ വീട്ടില്‍ നിന്നാണ് ക്രൂഡ് ബോംബുകളടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ വ്യാഴാഴ്ച രാത്രി ഭാന്ദര്‍ ആലിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
‘എ.ടി.എസ് കുറ്റാന്വേഷകര്‍ റൗട്ടിന്റെ വീടും കടകളും റെയ്ഡ് ചെയ്യുകയും ക്രൂഡ് ബോംബുകളടക്കം വന്‍തോതിലുള്ള സ്‌ഫോടകശേഖരം പിടികൂടുകയും ചെയ്തിട്ടുണ്ട്. വര്‍ഗീയ വിദ്വേഷം പരത്തുന്ന ചില പ്രസിദ്ധീകരണങ്ങളും ഇയാളില്‍ നിന്ന് പിടികൂടി.’ – പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ‘മലേഗാവ് രണ്ടാം ഭാഗം’ ആണ് ഇതെന്ന് ഹിന്ദു ജനജാഗൃതി സമിതി (എച്ച്.ജെ.എസ്) ആരോപിച്ചു. 2008-ല്‍ നാഷിക് ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ എ.ടി.എസ് ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നു. മലേഗാവ് കേസ് അന്വേഷിച്ചിരുന്ന എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കറെ മുംബൈ ഭീകരാക്രമണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
വൈഭവ് റൗട്ട് സജീവ ഗോസംരക്ഷകനാണെന്നും ഹിന്ദു സംഘടനകള്‍ക്കെതിരെ കള്ളക്കേസുകള്‍ ചമക്കുന്ന സംഭവങ്ങളുടെ ഭാഗമാണിതെന്നും എച്ച്.ജെ.എസ് പറഞ്ഞു. ഗോവയില്‍ ജൂണില്‍ നടന്ന അഖില ഭാരതീയ ഹിന്ദു അധിവേശനില്‍ പങ്കെടുത്തിരുന്ന റൗട്ട് പശുവിന്റെ പേരില്‍ മുസ്‌ലിം കച്ചവടക്കാരെ അക്രമിച്ച സംഭവങ്ങളില്‍ പ്രതിയാണ്. പള്ളികളില്‍ മൈക്കില്‍ ബാങ്ക് കൊടുക്കുന്നതിനെതിരെയും ‘ലവ് ജിഹാദി’നെതിരെയും ഇയാള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എ.ടി.എസ് വൈഭവ് റൗട്ടിന്റെ വസതിയിലും സ്ഥാപനങ്ങളിലും തെരച്ചില്‍ നടത്തിയത്. എട്ട് നാടന്‍ ബോംബുകളും പിടികൂടിയവയില്‍ പെടുന്നു.