മുംബൈ: മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട ഹിന്ദുത്വ തീവ്രവാദ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് ഇവരുടെ അറസ്റ്റ് സ്ഥിരീകരിച്ചത്.
നല്ലാസൊപാറ, സതാര എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. ക്രൂഡ് ബോംബ്, ജലാറ്റിന്‍ സ്റ്റിക്ക് എന്നിവയടക്കം നിരവധി സ്‌ഫോടകവസ്തുക്കള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തതായും എ.ടി.എസ് അറിയിച്ചു.
സനാതന്‍ സന്‍സ്താ അനുഭാവി കൂടിയായ ഹിന്ദു ഗോവാന്‍ഷ് രക്ഷാ സമിതി അംഗം വൈഭവ് റൗട്ട് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ശ്രീ ശിവപ്രതിഷ്ടാഥന്‍ ഹിന്ദുസ്ഥാന്‍ അംഗം സുധന്‍വാ ഗണ്ഡേല്‍ക്കര്‍ ആണ് അറസ്റ്റിലായ രണ്ടാമത്തെയാള്‍. ജനുവരി 1ന് ഭീമ കൊറേഗാവില്‍ നടന്ന അക്രമസംഭവങ്ങളിലുള്‍പ്പെടെ പ്രതിപ്പട്ടികയില്‍പ്പെട്ടയാളാണ് ഇദ്ദേഹം. ശരദ് കസല്‍ക്കറാണ് അറസ്റ്റിലായ മൂന്നാമന്‍.
കസല്‍ക്കര്‍, ഗൊന്ധേല്‍ക്കര്‍ എന്നിവര്‍ക്ക് സ്‌ഫോടകവസ്തുക്കളെക്കുറിച്ച് അറിയാമായിരുന്നെന്നും അവര്‍ മറ്റുരണ്ടുപേരെ വിളിച്ചുകൂട്ടി പരിശീലനം നല്‍കുകയായിരുന്നുവെന്നുമാണ് എ.ടി.എസ് പറയുന്നത്.
മൂന്നുപേര്‍ക്കുമെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തിട്ടുണ്ട്. 20 ക്രൂഡ് ബോംബുകളും രണ്ട് ജലാറ്റിന്‍ ഷീറ്റുകളും ഉള്‍പ്പെടെ 22 വസ്തുക്കളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. കൂടാതെ എങ്ങനെ ബോംബ് തയ്യാറാക്കാമെന്ന കുറിപ്പും ആറ് വോള്‍ട്ടുള്ള ഒരു ബാറ്ററിയും കുറച്ച് വയറുകളും ട്രാന്‍സിസ്റ്റുകളും പശയും കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ റൗട്ടിന്റെ വസതിയില്‍ മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. വൈഭവ് റൗട്ടിന്റെ പല്‍ഗാറിലുള്ള വസതിയില്‍ നടത്തിയ റെയ്ഡിലാണ് ബോംബുകളും വന്‍ ആയുധശേഖരങ്ങളും കണ്ടെടുത്തത്.
റെയ്ഡിന് പിന്നാലെ ഇയാളെ ചോദ്യം ചെയ്യാനായി എ.ടി.എസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ മുംബൈയിലെ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.