ന്യൂഡല്‍ഹി: ഹിന്ദുത്വം മതമല്ല, ഒരു ജീവിത രീതി മാത്രമാണെന്ന് സുപ്രീംകോടതി. വിഷയത്തില്‍ 1995ല്‍ പ്രസ്താവിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. 1995ലെ വിധിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെത്തല്‍വാദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അടങ്ങുന്ന ഏഴംഗ ഭരണഘടനാ ബഞ്ചിന്റെ വിധി.
ഹിന്ദുത്വയെ നിര്‍വചിക്കണമെന്നും തെരഞ്ഞെടുപ്പില്‍ മതത്തെ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ പ്രധാന ആവശ്യം. വാദം കേള്‍ക്കവെ, ഹിന്ദുത്വം ഹിന്ദുമതമാണെന്നോ, ഹിന്ദുത്വം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് അനുവദിക്കണമോ തുടങ്ങിയ വലിയ കാര്യങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
1951ലെ ജനപ്രാധിനിധ്യ നിയമത്തിലെ വകുപ്പ് 123 (3) പ്രകാരം, മതനേതാക്കളെ ഉപയോഗിച്ച് വോട്ടു തേടുന്നത് തെരഞ്ഞെടുപ്പ് അഴിമതിയില്‍പ്പെടുമോ എന്നതാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മതം, വംശം, ജാതി, സമുദായം, ഭാഷ എന്നിവ അടിസ്ഥാനപ്പെടുത്തി രണ്ടു പക്ഷത്തിനിടയില്‍ ശത്രുത വളര്‍ത്തുകയും അത് തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുകയും ചെയ്താല്‍ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കാന്‍ അനുശാസിക്കുന്നതാണ് ജനപ്രാതിനിധ്യത്തിലെ 123(3) വകുപ്പ്.
1995 ഡിസംബര്‍ 11ന് വിഷയത്തില്‍ ജസ്റ്റിസ് വി.എസ് വര്‍മ പുറപ്പെടുവിച്ച വിധി, ഹിന്ദുത്വത്തെ ദേശീയതയുടെയും പൗരത്വത്തിന്റെയും അടയാളമായി മാറ്റിയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹിന്ദു, ഹിന്ദുത്വ, ഹിന്ദുയിസം എന്നീ പദങ്ങള്‍ക്ക് സംക്ഷിപ്തമായ അര്‍ത്ഥം നല്‍കാനാകില്ല. ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിത രീതിയാണ് ഹിന്ദുത്വം എന്നായിരുന്നു വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് വര്‍മ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ വിധി പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളെയും ന്യൂനപക്ഷ സമുദായങ്ങളെയും ഹിന്ദുത്വ ജീവിത രീതിയെ സ്വാംശീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ചീഫ് ജസ്റ്റിസിനു പുറമേ, ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, എസ്.എ ബോബ്‌ഡെ, ആദര്‍ശ് കുമാര്‍ ഗോയല്‍, യു.യു ലളിത്, ഡി.വൈ ചന്ദ്രചൂഡ്, എല്‍. നാഗേശ്വര്‍ റാവു എന്നിവരാണ് ബഞ്ചിലുണ്ടായിരുന്നത്. 1995ലെ മനോഹര്‍ ജോഷി വേഴ്‌സസ് എന്‍.ബി പാട്ടീല്‍ കേസാണ് ഇതുസംബന്ധിച്ച ആദ്യ വിധിയുടെ ആധാരം.
1992-93ല്‍ ബോംബെ കലാപത്തിന് ശേഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിലായിരുന്നു, മഹാരാഷ്ട്രയെ ആദ്യത്തെ ഹിന്ദു സംസ്ഥാനമാക്കും എന്ന ജോഷിയുടെ വാഗ്ദാനം. മതേതരത്വത്തോടുള്ള ഭരണഘടനാപരമായ ബാധ്യത ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ജോഷിയുടെ തെരഞ്ഞെടുപ്പ് ബോംബെ ഹൈക്കോടതി അസാധുവാക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ജോഷിക്ക് അനുകൂലമായി വിധിച്ചത്. മതത്തിന്റെ പേരിലല്ല ഈ പ്രസ്താവന എന്നായിരുന്നു ജസ്റ്റിസ് വര്‍മ വിധിന്യായത്തില്‍ വ്യ്ക്തമാക്കിയിരുന്നത്.