ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയായ ഹിന്ദു യുവവാഹനിയില്‍ തമ്മില്‍ തല്ലും കൂട്ടരാജിയും. 2500ഓളം പ്രവര്‍ത്തകര്‍ സംഘടനയില്‍നിന്ന് രാജിവെച്ചു. സംസ്ഥാന ഭരണം ഉപയോഗിച്ച് നേതാക്കള്‍ അഴിമതി നടത്തുകയാണെന്ന് ആരോപിച്ചാണ് രാജി.
അഴിമതിയും പിടിപ്പുകേടും ചോദ്യം ചെയ്ത് രംഗത്തെത്തിയ ഹിന്ദു യുവവാഹിനിയുടെ ലക്‌നോ മഹാനഗര്‍ യൂണിറ്റ് നേതാക്കള്‍ക്കെതിരെ സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചതോടെയാണ് പ്രശ്‌നം വഷളായത്. മഹാനഗര്‍ യൂണിറ്റ് നേതൃത്വത്തെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കൂട്ട രാജിയിലേക്ക് നീങ്ങുകയായിരുന്നു.
മഹാനഗര്‍ യൂണിറ്റിലെ പ്രവര്‍ത്തകര്‍ സംഘടനയുടെ പേരില്‍ അനധികൃതമായി പണം പിരിക്കുന്നതായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതായും കാണിച്ചായിരുന്നു യൂണിറ്റ് നേതാക്കള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി.
എന്നാല്‍ നേതാക്കളുടെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്തതാണ് നടപടിക്ക് പ്രേരിപ്പിച്ചതെന്നാരോപിച്ച് യൂണിറ്റ് നേതാക്കള്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. യൂണിറ്റ് സെക്രട്ടറി ആകാശ് സിങ്, വൈസ് പ്രസിഡണ്ട് രാംകൃഷ്ണ ദ്വിവേദി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാര്‍ത്താ സമ്മേളനം. നേതൃത്വത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് തങ്ങള്‍ ഉള്‍പ്പെടെ 2500ഓളം പ്രവര്‍ത്തകര്‍ സംഘടന വിടുകയാണെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹിന്ദു യുവവാഹിനി സംസ്ഥാന സെക്രട്ടറി പങ്കജ് സിങിനെതിരെയാണ് ഇവര്‍ ആരോപണം ഉന്നയിക്കുന്നത്. സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് പങ്കജ് സിങ് പണം സമ്പാദിക്കുകയാണെന്നും ടെണ്ടര്‍ പോലുമില്ലാതെ സര്‍ക്കാര്‍ മരാമത്ത് പണികളുടെ കരാറുകള്‍ ഇയാള്‍ സ്വന്തമാക്കുന്നതായും പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം അഴിമതി ആരോപണം പങ്കജ് സിങ് നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.