വീണ്ടും വിദ്വേഷപ്രസംഗവുമായി തെലങ്കാന ബി.ജെ.പി എം.എല്‍.എ രാജാ സിങ്. ഇതിന് മുന്‍പും ഇത്തരം വിദ്വേഷപ്രസംഗം നടത്തിയതിന് ഇയാളെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിന്നു. തെലങ്കാനയിലെ ആദിലാബാദില്‍ നടന്ന പൊതുപരിപാടിയിലാണ് പുതിയ വിദ്വേഷ പ്രസംഗം. നേരത്തെ കരുതല്‍ തടങ്കലിലാക്കിയിരുന്ന രാജാ സിങ് നിലവില്‍ ജാമ്യത്തില്‍ പുറത്താണുള്ളത്. ഇതിനുശേഷവും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഇദ്ദേഹം വിദ്വേഷപ്രസംഗം തുടര്‍ന്നിരുന്നു.
നെറ്റിയില്‍ പൊട്ട് കുത്തുന്നവരെ മാത്രമേ താന്‍ സുഹൃത്താക്കൂവെന്ന് രാജാ സിങ് പറഞ്ഞു. ബുര്‍ഖ ധരിച്ച സ്ത്രീകളെ സുഹൃത്താക്കരുതെന്നും ബി.ജെ.പി നേതാവ് ആഹ്വാനം ചെയ്തു. ‘നെറ്റിയില്‍ പൊട്ടുതൊടുന്നവന്‍ എന്റെ സഹോദരനാണ്. അവന്‍ ഹിന്ദുവാണ്. എന്റെ സുഹൃത്തുമാണ്. അവരെ മാത്രമേ ഞാന്‍ സുഹൃത്താക്കൂ. ബുര്‍ഖ ധരിച്ച സ്ത്രീകളെ സുഹൃത്താക്കരുതെന്നാണ് എന്റെ സഹോദരിമാരോട് എനിക്ക് പറയാനുള്ളത്.’വിവാദ പ്രസംഗത്തില്‍ രാജാ സിങ് ആഹ്വാനം ചെയ്തു.
‘പണ്ട് ആഫ്താബ് മാത്രമായിരുന്നു നമുക്ക് ഭീഷണി. ഇപ്പോള്‍ ആയിഷയെയും ഭീഷണിയായി മാറിയിരിക്കുകയാണ്. ആയിഷ ഹിന്ദു പെണ്‍കുട്ടികളെ മുസ്‌ലിം ആണ്‍കുട്ടികള്‍ക്കടുത്തെത്തിക്കും. അതുകൊണ്ട് ജാഗ്രത വേണം’പ്രസംഗത്തിലൂടെ ഇത്തരം വിദ്വേഷപരമായ കാര്യങ്ങളാണ് ഇയാള്‍ ജനങ്ങളുമായി പങ്കുവയ്ക്കുന്നത്.