X

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശം: കമല്‍ഹാസനെതിരെ കേസെടുത്തു

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം യാഥാര്‍ഥ്യമാണെന്ന നടന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ പൊലീസ് കേസ്.  ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കേസ് റജിസ്റ്റര്‍ ചെയ്തത്. സെക്ഷന്‍ 500, 511, 298, 295 എ, 505 സി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വരാണസി കോടതി കേസ് ശനിയാഴ്ച്ച പരിഗണിക്കും.

കമല്‍ഹാസന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ നേരത്തെ രംഗത്തുവന്നിരുന്നു. കമല്‍ഹാസന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും ആശുപത്രിയില്‍ പോയി കമല്‍ഹാസന്‍ ചികിത്സിക്കണമെന്നുമാണ് ബിജെപി നേതാവ് വിനയ് കത്യാര്‍ പറഞ്ഞത്. അപകീര്‍ത്തികരമായ രാഷ്ട്രീയം നല്ലതല്ല, ഒരു തെളിവും ഇല്ലാതെ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ മാപ്പ് പറയണമെന്നും കത്യാര്‍ ആവശ്യപ്പെട്ടു.

‘ഹിന്ദു തീവ്രവാദം ഇന്നു യാഥാര്‍ഥ്യമാണ്. നേരത്തേ ഹിന്ദു ഗ്രൂപ്പുകള്‍ നേരിട്ട് അക്രമത്തില്‍ പങ്കെടുക്കാറില്ലായിരുന്നു. വാദപ്രതിവാദങ്ങളിലൂടെ എതിരാളികളെ അക്രമത്തിനു പ്രേരിപ്പിക്കുകയായിരുന്നു പതിവ്. ആ തന്ത്രം പരാജയപ്പെട്ടതോടെ അവര്‍ സംവാദം മാറ്റിവച്ച് കൈക്കരുത്ത് ഉപയോഗിച്ചു തുടങ്ങി. ഹിന്ദു തീവ്രവാദിയെ കാണിച്ചുതരാന്‍ കഴിയുമോയെന്ന് ഇപ്പോള്‍ വെല്ലുവിളിക്കാനാവില്ല. തീവ്രവാദം ആഴത്തില്‍ വേരോടിയിട്ടുണ്ട്. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലേക്കുള്ള മാറ്റം എല്ലാവരെയും സംസ്‌കാരമില്ലാത്തവരാക്കുമെന്നുമായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം’.

അതേസമയം തമിഴ് നടന്‍ കമല്‍ ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായ പ്രകാശ് രാജ് രംഗത്തെത്തി. പശുവിന്റെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദ അല്ലേ എന്ന ചോദ്യവുമായാണ് ദേശീയ അവാര്‍ഡ് ജേതാവ് പ്രകാശ് രാജ് കമല്‍ ഹസാന് പിന്തുണമായി രംഗത്തെത്തിയത്. സദാചര പൊലീസിങിന്റെ പേരില്‍ ആളുകളെ അധിക്ഷേപിക്കുന്നതും, പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നതും, തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നവരെ അക്രമിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നത് ഭീകാരവാദമല്ലെങ്കില്‍ പിന്നെ എന്താണ് ഭീകരവാദം എന്ന് പ്രകാശ് രാജ് ട്വീറ്റിലൂടെ പരിഹസിച്ചു.

chandrika: