X

ഹിന്ദു പരാമർശം; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഉദ്ധവ് താക്കറെ

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ പ്രസംഗത്തിലെ ഹിന്ദു പരാമര്‍ശം സംബന്ധിച്ച വിവാദത്തില്‍ പിന്തുണയുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. രാഹുല്‍ ഹിന്ദുത്വത്തെ അപമാനിച്ചിട്ടില്ലെന്ന് ഉദ്ധവ് പറഞ്ഞു.

‘പാര്‍ലമെന്റിലെ പ്രസംഗത്തിനിടയില്‍ രാഹുല്‍ ഗാന്ധി ഹിന്ദുത്വത്തിനെതിരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. ഞാന്‍ രാഹുലിന്റെ പ്രസംഗം കേട്ടതാണ്. ഞങ്ങളാരും ഹിന്ദുത്വത്തെ അപമാനിക്കുന്നവരോ അത്തരം നടപടികള്‍ അംഗീകരിക്കുന്നവരോ അല്ല. ബി.ജെ.പിയുടേത് ഹിന്ദുത്വമല്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഹിന്ദുത്വത്തെ ഉപേക്ഷിച്ചത് ബി.ജെ.പിയാണ്. അവര്‍ മുന്നോട്ട് വെക്കുന്ന ആശയം ഹിന്ദുത്വമല്ലെന്ന് ഞാനും പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതോടൊപ്പം ശിവന്റെ ചിത്രം കാണിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചപ്പോള്‍ അത് തടയാന്‍ ബി.ജെ.പി ശ്രമിച്ചു, ഇതാണോ ഹിന്ദുത്വം എന്നും അദ്ദേഹം ചോദിച്ചു. ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ ഹിന്ദുമതത്തെ മുഴുവന്‍ അപമാനിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ഒരു മണിക്കൂറും 40 മിനിറ്റും നീണ്ട ഗാന്ധിയുടെ പ്രസംഗത്തില്‍ രണ്ട് തവണ ഇടപെട്ട മോദിയെ കൂടാതെ, കുറഞ്ഞത് അഞ്ച് കാബിനറ്റ് മന്ത്രിമാരെങ്കിലും രാഹുലിനെതിരെ പ്രതികരിച്ചിരുന്നു. ഒപ്പം ആഭ്യന്തര മന്ത്രി അമിത് ഷായും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അക്രമത്തിലും വിദ്വേഷത്തിലും ഇടപെടുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇത് കൂടാതെ അഗ്‌നിവീര്‍ പദ്ധതിയെയും ന്യൂനപക്ഷങ്ങളെയും സംബന്ധിച്ച് ലോക്സഭയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ചില പരാമര്‍ശങ്ങളും സ്പീക്കര്‍ ഓം ബിര്‍ല നീക്കം ചെയ്തിരുന്നു.

ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റിനുള്ള അഗ്‌നിവീര്‍ പദ്ധതിയെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. അഗ്‌നിവീര്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം യൂസ് ആന്റ് ത്രോ പദ്ധതിയാണെന്നും , കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇടപെട്ട് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ തള്ളി.

webdesk13: