ന്യൂഡല്‍ഹി: പരസ്യമായി നമസ്‌കരിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം. സന്യുക്ത് ഹിന്ദു സംഘര്‍ഷ് സമിതി എന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് പ്രക്ഷോഭവുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗുരുഗ്രാമില്‍ ജുമുഅ നമസ്‌കാരം തടസപ്പെടുത്താന്‍ ശ്രമിച്ച ആറ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരെ വിട്ടയക്കണമെന്നും സന്യുക്ത് സംഘര്‍ഷ് സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാറിനും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വിനയ് പ്രതാപ് സിങിനും ഇവര്‍ കത്തെഴുതിയിട്ടുണ്ട്. ഏപ്രില്‍ 27ന് ഗുരുഗ്രാമിലെ ഒരു ഒഴിഞ്ഞ ഗ്രൗണ്ടില്‍ നമസ്‌കരിക്കുന്നവരെ ചില ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയിരുന്നു. അക്രമിക്കപ്പെട്ടവരുടെ പരാതിയെ തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതത്. ‘ജയ് ശ്രീരാം’, ‘രാധേ രാധേ’ വിളികളുമായെത്തിയ ഇവര്‍ നമസ്‌കാരം തടസപ്പെടുത്തി സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു.
നമസ്‌കരിക്കുന്നവര്‍ ഇന്ത്യാ വിരുദ്ധവും പാക്കിസ്ഥാന്‍ അനുകൂലവുമായി മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും ദേശസ്‌നേഹികളായ യുവാക്കള്‍ ഇത് തടഞ്ഞതിനാണ് അവരെ അറസ്റ്റ് ചെയ്തതെന്ന് ഹിന്ദു സംഘര്‍ഷ് സമിതി മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ ആരോപിക്കുന്നു.
അതേസമയം അവിടെ നമസ്‌കരിച്ചിരുന്നവര്‍ ഈ ആരോപണം നിഷേധിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ അവിടെ വെച്ച് നമസ്‌കരിക്കാറുണ്ട്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നത് പോയിട്ട് ഞങ്ങള്‍ പരസ്പരം സംസാരിക്കുക പോലും ചെയ്തിട്ടില്ല. സംഘപരിവാറിന്റെ ആരോപണം തികച്ചും വ്യാജമാണെന്നും നമസ്‌കാരം തടസപ്പെടുത്തിയവര്‍ക്കെതിരെ പരാതി കൊടുത്ത വാജിദ് ഖാന്‍ പറഞ്ഞു.