X

ഗോഡ്‌സേയെ വെള്ളപൂശാനും ഗാന്ധിയെ താറടിക്കാനുമായി യൂട്യൂബ് ചാനല്‍; തീരുമാനവുമായി ഹിന്ദു മഹാസഭ

നാഥുറാം ഗോഡ്‌സെയെ വെള്ള പൂശാനായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ഹിന്ദു മഹാസഭ. സോഷ്യല്‍ മീഡിയയില്‍ സജീവമായ യുവതലമുറയെ ലക്ഷ്യമിട്ടാണ് ചാനല്‍ തുടങ്ങുന്നതെന്ന് ഹിന്ദു മഹാസഭ വക്താവ് അഭിഷേക് അഗര്‍വാള്‍ പറഞ്ഞു. ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയെ കുറിച്ച് വെള്ള പൂശി സംസാരിക്കാനാണ് ചാനല്‍ ലക്ഷ്യമിടുന്നത്. ഗോഡ്‌സെ ചെയ്ത നല്ല പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളില്‍ എത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഗാന്ധിയുടെ ഘാതകന്‍ എന്ന നിലയില്‍ നിന്ന് ഗോഡ്‌സെയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ബിജെപിയും ആര്‍എസ്എസും ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള നീക്കം.

ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ഗാന്ധിയുടെ 151ാം ജന്മവാര്‍ഷികത്തിനിടെ ഗോഡ്‌സെയെ പുകഴ്ത്തിക്കൊണ്ടുള്ള ട്വീറ്റുകള്‍ ട്വിറ്ററില്‍ ട്രെന്റിങ്ങായിരുന്നു. നാഥുറാം ഗോഡ്‌സെ സിന്ദാബാദ് എന്നതടക്കമുള്ള ട്വീറ്റുകളാണ് ട്രെന്റിങ്ങായത്.
അതേസമയം ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. ഗാന്ധിയുടെ പ്രത്യയശാസ്ത്രത്തെ തകര്‍ക്കാനും ഗോഡ്‌സെയെ മഹത്വവത്കരിക്കാനുമുള്ള ശ്രമമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് ആധാന മിശ്ര പറഞ്ഞു. ഇതുവഴി ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു. ഗോഡ്‌സേയെക്കാള്‍ ഗാന്ധിയുടെ ഇന്ത്യ വിജയിക്കുമെന്ന കാര്യത്തില്‍ തനിക്കു സംശയമില്ലെന്ന് ശശി തരൂരും വ്യക്തമാക്കി.

1948 ജനുവരി 30ന് ഹിന്ദു തീവ്രവാദിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നാഥുറാം വിനായക് ഗോഡ്‌സെ മൂന്നുതവണ നെഞ്ചില്‍ വെടിവച്ചാണ് ഗാന്ധിയെ കൊലപ്പെടുത്തിയത്.

web desk 1: