കോട്ടയം: സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകിയ ഓണസന്ദേശത്തിലെ വാമന പരാമർശം വിവാദമായതോടെ മാപ്പ് പറഞ്ഞ് കന്യാസ്ത്രീ. ഇവർ പൊലീസ് സ്റ്റേഷനിലിരുന്ന് മാപ്പ് പറയുന്ന വിഡിയോ ഹിന്ദു ഐക്യവേദി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. തിരുവോണദിനത്തിൽ കോട്ടയം നെടുംകുന്നം സെൻറ് തേരേസാസ് ഗേൾസ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക സിസ്റ്റർ റീത്താമ്മ സി. മാത്യൂസ് നൽകിയ ഓണസന്ദേശമാണ് വിവാദമായത്.
”ചവിട്ടേൽക്കുന്നവവന്റെ സുവിശേഷമാണ് ഓണം. ദാനം കൊടുത്തവനെ, ദാനം കൈനീട്ടി വാങ്ങിയവൻ ചവിട്ടി താഴ്ത്തുന്നതിന്റെ കാലാതീത കഥ. കൊടുക്കുന്നവന് ചവിട്ടേൽക്കുമ്പോള്, ചവിട്ടുന്നവൻ വാമനനാകുന്നു” എന്നു തുടങ്ങുന്ന വിഡിയോ സന്ദേശത്തിൽ ഉദാഹരണമായി യേശുവിനെയും ഗാന്ധിജിയെയും എബ്രഹാം ലിങ്കണെയും മദർതെരേസയെയും പരാമർശിക്കുന്നുണ്ട്.
സന്ദേശത്തിൽ വാമനനെക്കുറിച്ച് പറഞ്ഞതാണ് ഹിന്ദു ഐക്യവേദിയെ പ്രകോപിപ്പിച്ചത്. തുടർന്ന്, മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസ്താവന നടത്തിയെന്നും ഹിന്ദുദൈവങ്ങളെ ബോധപൂർവം അവഹേളിച്ചു എന്നും കാണിച്ച് ഹിന്ദു ഐക്യവേദി ചങ്ങനാശ്ശേരി താലൂക്ക് പ്രസിഡൻറ് വി.കെ. അജിത് കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്കൂളിന് മുന്നിലേക്ക് പ്രവർത്തകർ മാർച്ചും നടത്തി. ഇതോടെയാണ് സിസ്റ്റർ സ്റ്റേഷനിലെത്തി മാപ്പ് പറയുകയും എഴുതിക്കൊടുക്കുകയും ചെയ്തത്.