ഫൈസല്‍ മാടായി
കണ്ണൂര്‍: കടുത്ത വേനലിലും വറ്റാത്ത വടുകുന്ദ തടാകത്തില്‍ ആറാടും സുന്ദരകാഴ്ചയില്‍ പൂരംകുളിച്ച് ദേവി. ഉത്തരദേശത്തിന്റെ പെരുമയേറും കൂടിച്ചേരലില്‍ മാടായിക്കാവ് പൂരോത്സവത്തിന് ഉജ്വല സമാപനം.
പത്ത് ദിനരാത്രങ്ങളിലായി ഉത്തരമലബാറിലെ പ്രസിദ്ധ ദേവീക്ഷേ്രത്തിലെ പൂരോത്സവത്തോടനുബന്ധിച്ചാണ് മാടായിപ്പാറയിലെ വടുകുന്ദ തടാകത്തില്‍ ദേവിയുടെ പൂരംകുളിനടന്നത്. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ ഭക്തജനങ്ങളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.
ദാരിക വധത്തിന്റെ സ്മൃതികള്‍ ഉണര്‍ത്തുന്നതാണ് പുരോത്സവ കാഴ്ചകള്‍. മാടായിക്കാവിലെ പൂരോത്സവ കാലത്ത് ദാരികന്‍ കോട്ടയിലേക്ക് എഴുന്നള്ളിപ്പും നാന്തകവാള്‍ കൊണ്ട് പയറ്റും പൂരക്കളിയും ഭക്തിനിര്‍ഭരമായ ചടങ്ങുകളാണ്. ഐതിഹ്യപെരുമയിലാണ് പൂരോത്സവം. സ്ത്രീയെ ദേവതയ്ക്ക് തുല്യം പരിഗണിച്ചിരുന്ന പോയകാലത്തിന്റെ നേര്‍ചിത്രമാണ് ഓരോ പൂരവും. കുടുംബാംഗങ്ങള്‍ സ്‌നേഹത്തോടെയും സഹകരണത്തോടെയും ഒത്തുചേരുന്ന ഒരുമയുടെ ആഘോഷം.
കാമം എന്ന വാക്കിന് കേവലം ലൈംഗിക സുഖത്തിനപ്പുറം സ്‌നേഹവും കരുതലുമൊക്കെ ഊട്ടിയുറപ്പിക്കും ആചാരം. ഓരോ തവണയും മുന്നറിയിപ്പുകളോടെ കാമനെ യാത്രയാക്കി അടുത്ത പൂരോത്സവത്തിന് ഉത്തരകേരളം കാത്തിരിക്കും. ഐശ്വര്യവും സമാധാനവും കൈനിറയെ സ്‌നേഹവുമായി നേരത്തെ കാലത്തെ വരണേ കാമാ എന്ന പ്രാര്‍ഥനയോടെ. ക്ഷേത്രങ്ങളില്‍ പൂരോത്സവത്തിന് സമാപനം കുറിച്ച് നടക്കുന്ന ദേവീ ദേവന്‍മാരുടെ കൂടിക്കാഴ്ചയും കൂടിപിരിയലും പ്രത്യേക ആചാരമാണ്. കൂടിചേരലിന്റെ ഉത്സവം കൂടിയാണ് പൂരം. ഉത്തരമലബാറിലെ ഭൂരിഭാഗം ദേവീ ക്ഷേത്രങ്ങളിലും പൂരം ആഘോഷിക്കും. മാടായിക്കാവിലെ പൂരോത്സവവും പൂരംകുളിയും പ്രശസ്തമാണ്. രണ്ട് വസന്തോത്സവങ്ങളില്‍ ഒന്ന് ഓണമാണെങ്കില്‍ ഉത്തരമലബാറിന് രണ്ടാമത്തേത് പൂരോത്സവമാണ്.
മീനത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ പൂരം നക്ഷത്രം വരെ ഒമ്പത് ദിവസമാണ് കോലത്തുനാട്ടിലും അള്ളംനാട്ടിലും നീലേശ്വരം ഉള്‍പ്പെടുന്ന ദേശങ്ങളില്‍ പൂരം ആഘോഷിക്കുന്നത്. മാടായിക്കാവിലെ പൂരോത്സവത്തോടനുബന്ധിച്ച് പൂരംനാളില്‍ മൂന്നാംകോട്ടയില്‍ നിന്ന് അപ്പം എറിയല്‍ ചടങ്ങ് കാണാനും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ എത്താറുണ്ട്. ദേവീപ്രസാദമായ അപ്പം കൈപ്പറ്റുന്നത് മത്സരക്കാഴ്ചയാണ്. മാടായി വടുകുന്ദ ശിവക്ഷേത്ര ത്തിലെ എതിരേല്‍പ്പിന് ശേഷം രാവിലെ 9.30ഓടെയാണ് വടുകുന്ദ തടാകത്തില്‍ കാവിലമ്മയുടെ ആറാട്ട് നടക്കുക.
-മാടായിക്കാവ് പൂരോത്സവത്തിന് സമാപനം കുറിച്ച് വടുകുന്ദ തടാകത്തില്‍ നടന്ന പൂരംകുളി.