ജയ്പൂര്‍: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു സ്പിരിച്വല്‍ ആന്റ് സര്‍വീസ് ഫൗണ്ടേഷന്‍ (എച്ച്.എസ്.എസ്.എഫ്) സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ഹിന്ദു ഫെയറില്‍ മുസ്്‌ലിംകള്‍ക്കെതിരെ വിഷം വമിക്കുന്ന പ്രചരണം. ഹിന്ദു ആത്മീയതയും പാരമ്പര്യവും പ്രചരിപ്പിക്കുകയാണ് ഫെയറിന്റെ ലക്ഷ്യമെങ്കിലും വിദ്യാര്‍ത്ഥികളില്‍ മുസ്്‌ലിം വിരുദ്ധത കുത്തിവെക്കുകയാണ് ചെയ്യുന്നത്. പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഫെയറില്‍ പങ്കെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശവുമുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് സമ്പന്നമായ ഹിന്ദു സംസ്‌കാരം പഠിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രതന്‍ സിങ് പറയുന്നു. സ്വതന്ത്ര സംഘടനയെന്നാണ് എച്ച്.എസ്.എസ്.എഫ് സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും ആര്‍.എസ്.എസുമായി നേരിട്ട് ബന്ധമുള്ള സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളാണ്.
ഫെയറില്‍ ബജ്‌റംഗ് ദള്‍ ലൗജിഹാദെന്ന പേരില്‍ പരസ്യമായി ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കാണ് ഇവ നിര്‍ബന്ധമായി നല്‍കുന്നത്. ഇതു വാങ്ങാന്‍ വിസമ്മതിക്കുകയും ചോദ്യം ചെയ്യുന്ന പെണ്‍കുട്ടികളെയും മോശമായി ചിത്രീരിക്കുന്ന അവസ്ഥയുണ്ടെന്ന് ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെയ്ഫ് അലി ഖാനെ വിവാഹം ചെയ്ത ബോളിവുഡ് താരം കരീന കപൂറിന്റെ ചിത്രം നല്‍കിക്കൊണ്ടാണ് ലൗജിഹാദിനെപ്പറ്റിയുള്ള വിവരണം. മുസ്‌ലിംകളുമായി ഒരു സൗഹാര്‍ദവും പാടില്ലെന്നും അത് മതപരിവര്‍ത്തനത്തിലേക്കാണ് നയിക്കുകയെന്നും ലഘുലേഖയില്‍ പറയുന്നു. സ്‌കൂളില്‍ സൗഹാര്‍ദ്ദം സ്ഥാപിക്കുക, ബൈക്കില്‍ ഒരുമിച്ച് യാത്ര ചെയ്യുക, ഒരുമിച്ച് റസ്റ്റാറന്റുകളിലിരുന്ന് ഭക്ഷണം കഴിക്കുക, മൊബൈലില്‍ സംസാരിക്കുക, മാതാപിതാക്കളോട് ആദരവോടെ സംസാരിക്കുക, മോശം ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുക തുടങ്ങിയവ ചെയ്താണ് ലൗജിഹാദ് നടത്തുന്നത് എന്നാണ് പ്രചരണം. ഇടക്കിടെ മാതാപിതാക്കള്‍ പെണ്‍കുട്ടികളുടെ എല്ലാ വസ്തുക്കളും എടുത്ത് പരിശോധിക്കണമെന്നും മൊബൈല്‍ കോള്‍, എസ്.എം.എസ് എന്നിവ നിരീക്ഷിക്കണമെന്നും ലഘുലേഖ ആവശ്യപ്പെടുന്നു. മുസ്്‌ലിംകളുടെ നമ്പറുകള്‍ മൊബൈലില്‍ സേവ് ചെയ്യുന്നവര്‍ മോശക്കാരാണെന്നും പ്രചരിപ്പിക്കുന്നു.
മുസ്്‌ലിംകള്‍ക്ക് മത പരിവര്‍ത്തനത്തിനായി റേറ്റ് കാര്‍ഡുണ്ടെന്ന് ടൈംസ് നൗ എഡിറ്റര്‍ രാഹുല്‍ ശ്രീവാസ്തവ അവതരിപ്പിച്ച വ്യാജ വാര്‍ത്തയിലെ കാര്യങ്ങളാണ് ബജ്‌റംഗ് ദള്‍ പ്രചരണത്തിനായി എടുത്തിട്ടുള്ളത്. ഗോ രക്ഷ, സസ്യാഹാരം എന്നിവ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യവും ഫെയര്‍ ചൂണ്ടിക്കാട്ടുന്നു. രാമക്ഷേത്രം നിര്‍മിക്കേണ്ട ആവശ്യം വ്യക്തമാക്കുന്ന ബ്രോഷറില്‍ ഹിന്ദുക്കള്‍ക്ക് വോട്ടു ചെയ്താലുള്ള ‘നേട്ടങ്ങളും’ വിവരിക്കുന്നുണ്ട്.
നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എച്ച.എസ്.എസ്.എഫ് പരിപാടിയില്‍ പങ്കെടുക്കല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പിന്‍വാതിലിലൂടെ ആര്‍.എസ്.എസ് ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ കുത്തി നിറക്കാനാണ് ഇത്തരം ഫെയറുകള്‍ സഹായിക്കുകയെന്ന് രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസര്‍ രാജീവ് ഗുപ്ത പറയുന്നു.