ഉത്തരാഖണ്ഡിലെ ഋഷികേശില്‍ ദര്‍ഗകള്‍ തകര്‍ത്ത് തീവ്രഹിന്ദുത്വ സംഘടനകള്‍. സംഭവത്തിന്റെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതായി ഓണ്‍ലൈന്‍ മാധ്യമമായ ദി സിയാസത് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. സൂഫികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഖബറിടം തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
‘ഇത് ദേവഭൂമിയാണ്, പുണ്യാത്മാക്കളെ അടക്കം ചെയ്ത ഭൂമിയല്ല. ഇതില്‍ നിന്ന് ഉത്തരാഖണ്ഡിനെ മോചിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും’ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ പ്രതികരിച്ചു. ‘അടക്കം ചെയ്ത ഓരോ ശരീരവും ഞങ്ങള്‍ പുറത്തെടുക്കും, വിവസ്ത്രമാക്കു’മെന്നും മറ്റൊരാള്‍ പറയുന്നുണ്ട്. പുണ്യാത്മാക്കളെ അടക്കം ചെയ്ത ഭൂമി ഹിന്ദുമതസ്ഥരായ 2 പേര്‍ക്ക് അവകാശപ്പെട്ടതാണെന്നും അവരുടെ നിര്‍ദേശപ്രകാരമാണ് പൊളിച്ചുനീക്കല്‍ നടക്കുന്നതെന്നുമാണ് ദേവഭൂമി രക്ഷ അഭിയാന്‍ അധ്യക്ഷന്‍ ദര്‍ശന്‍ ഭാരതിയുടെ വിശദീകരണം.
പുണ്യാത്മാക്കളെ അടക്കം ചെയ്തിരിക്കുന്ന ഭൂമി ഹിന്ദുമതസ്ഥരായ 2 പേരുടെ ഉടമസ്ഥതയിലുള്ളതാണ്. അവരുടെ നിര്‍ദേശപ്രകാരമാണ് പൊളിച്ചുനീക്കല്‍ നടക്കുന്നത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇവയെല്ലാം ചെയ്തത്. ഋഷികേശിലെ ശ്യാംപൂര്‍, ഗുമാനിവാല പ്രദേശങ്ങളില്‍ മുപ്പതോളം ഖബറിടങ്ങളുണ്ട്. അവയെല്ലാം പൊളിച്ചുനീക്കാനാണ് ഞങ്ങളുടെ തീരുമാനം. ദേവഭൂമിയില്‍ ഖബറിടം നിര്‍മിക്കുന്നത് ഞങ്ങളുടെ മതത്തിന് മേലുള്ള കടന്നുകയറ്റമാണ്’ – ദര്‍ശന്‍ ഭാരതി പറഞ്ഞു.
ഇന്ത്യന്‍-അമേരിക്കന്‍ മുസ്‌ലിം കൗണ്‍സിലും സംഭവത്തെക്കുറിച്ച് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 505-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.