പശുവിന്റെ അവശിഷ്ടങ്ങള്‍ യമുനയില്‍ കണ്ടെത്തിയെന്നാരോപിച്ച് ദേശീയപാത ഉപരോധിച്ച് തീവ്ര ഹിന്ദുത്വവാദികള്‍

യമുന നദിയില്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നാലെ ദേശീയ പാത ഉപരോധിച്ച് തീവ്ര ഹിന്ദുത്വ വാദികള്‍. മാര്‍ച്ച് 31 തിങ്കളാഴ്ച ഹിമാചല്‍ പ്രദേശിലെ പോണ്ട സാഹിബില്‍ ബജ്‌റംഗ്ദള്‍ ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകള്‍ ദേശീയ പാത ഉപരോധിച്ചതായി പൊലീസ് വ്യക്തമാക്കി.

പോണ്ട സാഹിബിലൂടെ കടന്നുപോകുന്ന ഡെറാഡൂണ്‍ചണ്ഡീഗഡ് ദേശീയ പാതയായിരുന്നു പ്രതിഷേധക്കാര്‍ ഉപരോധിച്ചത്. പുതുതായി അറുത്ത പശുക്കളുടെ അവശിഷ്ടങ്ങള്‍ പോണ്ട പ്രദേശത്തും നദിയുടെ ഉത്തരാഖണ്ഡ് ഭാഗത്തേക്കൊഴുകുന്ന ഭാഗത്തും കാണപ്പെട്ടെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സംഭവസ്ഥലത്തെത്തിയ സിര്‍മൂര്‍ പൊലീസ് സൂപ്രണ്ട് എന്‍.എസ്. നേഗി, സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോണ്ട സാഹിബില്‍ ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന നേഗി, സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയും പൊലീസ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും പോണ്ടയിലെ ശ്രീ പരശുറാം ചൗക്കില്‍ ആളുകള്‍ ഒത്തുകൂടുകയും അടിയന്തര നടപടി ആവശ്യപ്പെട്ട് ഒരു ധര്‍ണ ആരംഭിക്കുകയും ചെയ്തു.

ഏഴ് മണിയോടെ, ബജ്‌റംഗ്ദള്‍ പോലുള്ള ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങള്‍ പ്രാദേശിക മാര്‍ക്കറ്റിലൂടെ മാര്‍ച്ച് ചെയ്ത് ഹിമാചല്‍ പ്രദേശിനെ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയുമായി ബന്ധിപ്പിക്കുന്ന യമുന പാലത്തില്‍ എത്തുകയും പ്രതിഷേധിക്കുകയും ചെയ്തു.

നവരാത്രി സമയത്ത് പശുക്കളെ കശാപ്പ് ചെയ്ത കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ ദേശീയ പാതയില്‍ ഇരുന്നു റോഡ് ഉപരോധിച്ചു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്ത പ്രവൃത്തിയാണിതെന്ന് അവര്‍ ആരോപിച്ചു.
ബി.ജെ.പിയുടെ പോണ്ട സാഹിബ് എം.എല്‍.എ സുഖ്‌റാം ചൗധരിയും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

webdesk13:
whatsapp
line